ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ആദ്യ രണ്ട് ടെസ്റ്റുകളില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് വിട്ടു നിന്ന വിരാട് കോലി മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നീങ്ങിയിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കോലി വ്യക്തിപരമായ കാരണങ്ങളാലാണ് ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.

രാഹുലിനും ജഡേജക്കും പകരക്കാരായി സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, വാഷിംഗ്ണ്‍ സുന്ദര്‍ എന്നിവരെ രണ്ടാം ടെസ്റ്റിനുള്ള ടീമിലുള്‍പ്പെടുത്തിയിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ വിരാട് കോലിയുടെ പകരക്കാരനായി രജത് പാടീദാറിനെയും ഉള്‍പ്പെടുത്തിയിരുന്നു. രജത് പാടീദാറിന് രണ്ടാം ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്.കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പരിക്ക് മൂലം പുറത്തായതിനാല്‍ മൂന്നാം ടെസ്റ്റിനുള്ള ടീമിലുണ്ടാകുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.

Top