ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടം മുംബൈയും ചെന്നൈയും തമ്മില്‍

മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പിന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണര്‍അപ്പുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

മുംബൈയും ചെന്നൈയും നേര്‍ക്കുന്നേര്‍ എത്തുന്ന ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത് അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഇന്ത്യന്‍ സമയം രാത്രി 7.30ന് ആരംഭിക്കുന്ന മത്സരങ്ങളില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തവണ ആവേശമെല്ലാം സ്റ്റേഡിയത്തിന് പുറത്തായിരിക്കും.

പ്ലെയിങ് ഇലവനിലെ രണ്ട് താരങ്ങളാണ് വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണത്തെ ഐപിഎല്‍ പോരാട്ടങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍വേട്ടക്കാരന്‍ സുരേഷ് റെയ്‌നയും ഏറ്റവും വലിയ മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരന്‍ ഹര്‍ഭജന്‍ സിങ്ങും ചെന്നൈ നിരയിലില്ല. മുംബൈയിലാകട്ടെ ബോളിങ്ങിലെ അവരുടെ വജ്രായുധം ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിംഗയുമില്ല. കഴിഞ്ഞ സീസണില്‍ അവസാന ഓവറില്‍ മുംഹബൈയെ കിരീടത്തിലേക്ക് അനായാസം നയിച്ച താരത്തിന്റെ അഭാവം മുംബൈയ്ക്കും തിരിച്ചടിയാണ്.

ഹര്‍ഭജന്‍ സിങ്ങിന്റെ അഭാവത്തില്‍ പിയൂഷ് ചൗള നയിക്കുന്ന സ്പിന്‍ നിരയില്‍ ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറും ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റനറും ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും കരണ്‍ ശര്‍മയുമാണുള്ളത്. ഇന്ത്യന്‍ താരങ്ങളായ ദീപക് ചാഹറിനും ഷാര്‍ദുല്‍ ഠാക്കൂറിനുമൊപ്പം വിദേശ താരങ്ങളായ ലുങ്കി എങ്കിഡിയിലും ജോഷ് ഹെയ്‌സല്‍വുഡിലുമാണ് ചെന്നൈയുടെ പ്രതീക്ഷകള്‍. മലയാളി താരം കെ.എം ആസിഫിന് പ്ലെയിങ് ഇലവനില്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

ഷെയ്ന്‍ വാട്‌സണ്‍ നയിക്കുന്ന ബാറ്റിങ് നിരയില്‍ ഓസിസ് താരത്തിനൊപ്പം അമ്പാട്ടി റയ്ഡുവോ മുരളി വിജയിയോ ഓപ്പണറായേക്കും. സുരേഷ് റെയ്‌നയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസിനും കേദാര്‍ ജാദവിനുമായിരിക്കും. നാല് തവണയും ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ രോഹിത് ശര്‍മ തന്നെയാണ് ഇത്തവണയും ക്യാപ്റ്റന്റെ റോളില്‍. ബാറ്റിങ്ങിലും നിര്‍ണായകമാകുക രോഹിത്തിന്റെ സാന്നിധ്യമായിരിക്കും. ഒപ്പം സമകാലിന ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച പേസര്‍ ജസ്പ്രീത് ബുംറയും ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും.

നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ക്രിസ് ലിന്നോ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റന്‍ ഡികോക്കോ ഓപ്പണറാകും. ഇഷന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നീ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വിന്‍ഡീസ് താരം കെയ്‌റോണ്‍ പൊള്ളാര്‍ഡുകൂടി എത്തുന്നതോടെ ബാറ്റിങ് നിര ഉണരും. മലിംഗയുടെ അഭാവത്തില്‍ പേസ് നിരയുടെ പൂര്‍ണ ഉത്തരവാദിത്വം ജസ്പ്രീത് ബുംറയിലായിരിക്കും. മലിംഗയ്ക്ക് പകരക്കാരനായി ഓസിസ് താരം ജെയിംസ് പാറ്റിന്‍സണ്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കിലും പേസ് ഡിപ്പാര്‍ട്‌മെന്റില്‍ ന്യൂസിലന്‍ഡിന്റെ ലോകകപ്പ് താരം ട്രെന്റ് ബോള്‍ട്ടായിരിക്കും ബുംറയുടെ സഹായി.

Top