ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഡൊമനിക്ക: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകീട്ട് ഏഴരയ്ക്ക് ഡൊമിനിക്കയിലാണ് ആദ്യ മത്സരം തുടങ്ങുക. ഇന്ത്യയില്‍ ടിവിയില്‍ ഡിഡി സ്പോര്‍ട്സിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമയിലും ഫാന്‍കോഡ് ആപ്പിലും മത്സരം തത്സമയം കാണാം. ഓപ്പണിംഗിൽ രോഹിത്തിനൊപ്പം യശസ്വി ജയ്സ്വാൾ അരങ്ങേറും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ മറ്റൊരു പതിപ്പിലേക്കാണ് ഇന്ത്യയും വിൻഡീസും ഇന്ന് തുടക്കം കുറിക്കുന്നത്.

ഏകദിന ലോകകപ്പിന് യോഗ്യത പോലും നേടാതെ ചരിത്രത്തിലെ ഏറ്റവും വലിയ നിരാശയിലാണ് വെസ്റ്റ് ഇൻഡീസ് ഇറങ്ങുന്നതെങ്കില്‍ 21 വർഷത്തിനിടെ ഒരിക്കൽപോലും വിൻഡീസിനെതിരെ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. രണ്ട് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകളിൽ തോറ്റ ഇന്ത്യ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

ചേതേശ്വർ പുജാരയും മുഹമ്മദ് ഷമിയും കളിക്കാത്തതിനാൽ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിലെ ടീമിൽ നിന്ന് ഇന്ത്യൻ നിരയിൽ മാറ്റമുറപ്പ്. യശസ്വി ജയ്‌സ്വാളിന് ഇന്ന് അരങ്ങേറ്റമുണ്ടായേക്കും.രോഹിത് ശർമയ്ക്കൊപ്പം യശസ്വി ഓപ്പണറായി ഇറങ്ങിയേക്കും. ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലും കളിക്കും.

വിരാട് കോലി, അജിൻക്യ രഹാനെ എന്നിവരിലാണ് മധ്യനിരയിലെ ഇന്ത്യൻ പ്രതീക്ഷ. മൂന്നാം പേസർ സ്ഥാനത്തിനായി നവ്ദീപ് സൈനിയും ജയദേവ് ഉനാദ്കട്ടുമാണ് മത്സരിക്കുന്നത്. ബാറ്റിംഗിലും ബൗളിംഗിലും വെസ്റ്റ്ഇൻഡീസിനെതിരെ മികച്ച റെക്കോർഡുള്ള രവിചന്ദ്രൻ അശ്വിനും ഇന്ന് അവസരമുണ്ടാകും. വിൻഡീസിനെതിരെ 11 ടെസ്റ്റിൽ നിന്ന് 60 വിക്കറ്റും4 സെഞ്ച്വറിയും അശ്വിന്റെ പേരിലുണ്ട്.

മുകേഷ് കുമാറും അവസരം പ്രതീക്ഷിക്കുന്നു. ഇതിഹാസ താരം ബ്രയാൻ ലാറയുടെ മേൽനോട്ടത്തിൽ ഒരു തിരിച്ചുവരവാണ് വിൻഡീസ് ലക്ഷ്യമിടുന്നത്. കെമർ റോച്ചും ജേസൺ ഹോൾഡറും അൽസാരി ജോസഫുമടങ്ങുന്ന സംഘത്തിനാണ് ഇന്ത്യൻ നിരയെ തടയാനുള്ള നിയോഗം. പുതുമുഖ താരം അലിക് അതാനസെയ്ക്ക് അരങ്ങേറ്റം കിട്ടിയേക്കും. പേസർമാർക്ക് അനുകൂലമായ പിച്ചാകും ഡൊമിനിക്കയിലേതെന്നാണ് വിലയിരുത്തൽ.

Top