ഇന്ത്യ മുഴുവന്‍ മണിപ്പൂരും ഹരിയാനയും ആകുന്നത് തടയാന്‍ ‘ഇന്ത്യ’ സഖ്യം വിജയിക്കണം; എം.കെ സ്റ്റാലിന്‍

ചെന്നൈ: 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ഉറപ്പായും വിജയിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം മുഴുവന്‍ മണിപ്പൂരോ ഹരിയാനയോ ആയി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തന്റെ പോഡ്കാസ്റ്റ് പരമ്പരയുടെ ആദ്യ എപ്പിസോഡിലാണ് സ്റ്റാലിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ തുടരുന്ന വംശീയ കലാപങ്ങളും, ഹരിയാനയില്‍ നടന്ന മതപരമായ ഘോഷയാത്രയ്ക്ക് ശേഷമുണ്ടായ വര്‍ഗീയ കലാപങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം. ഇന്ത്യ മുഴുവന്‍ മണിപ്പൂരും ഹരിയാനയും ആകുന്നത് തടയാന്‍ ‘ഇന്ത്യ’ സഖ്യം വിജയിക്കണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിമാനത്താവളങ്ങള്‍ തുറമുഖങ്ങള്‍ എന്നിവ ബിജെപിയുമായി അടുപ്പമുള്ള കോര്‍പ്പറേഷനുകള്‍ക്ക് കൈമാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. വാഗ്ദാനം ചെയ്തതുപോലെ 15 ലക്ഷം രൂപ പൗരന്മാരുടെയും അക്കൗണ്ടുകളില്‍ നിക്ഷേപിച്ചില്ല, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയില്ല, പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്‌തെങ്കിലും അതും നടന്നില്ലെന്നും ഡിഎംകെ അധ്യക്ഷന്‍ കൂടിയായ എം.കെ സ്റ്റാലിന്‍ പറഞ്ഞു.

Top