കനേഡിയന്‍ പൗരത്വമെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 174 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: കനേഡിയന്‍ പൗരത്വമെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 174 ശതമാനമാണ് വര്‍ധനവ് എന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇകണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഒ.ഇ.സി.ഡി) രാഷ്ട്രങ്ങളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. സമ്പന്ന രാജ്യങ്ങളുടെ പൗരത്വം എടുക്കുന്നവരുടെ എണ്ണത്തില്‍ ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാണെന്ന് കൂടി വ്യക്തമാക്കുന്നതാണ് ‘പാരീസ് ഇന്റര്‍നാഷനല്‍ മൈഗ്രേഷന്‍ ഔട്ട്‌ലുക്ക്: 2023’ റിപ്പോര്‍ട്ട്. ഒ.ഇ.സി.ഡി രാജ്യങ്ങളുടെ പൗരത്വം എടുക്കുന്നവരുടെ എണ്ണത്തില്‍ 2019 മുതല്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

2019ല്‍ 1,55,799 ലക്ഷം പേര്‍ സമ്പന്ന രാജ്യങ്ങളുടെ പൗരത്വം എടുത്താണ് ഇന്ത്യ മുന്നിലെത്തിയത്.രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കോയുടെ നിന്ന് 1,28,826 പേരും മൂന്നാം സ്ഥാനത്തുള്ള സിറിയയില്‍ നിന്ന് 40,916 പേരും വിദേശ പൗരന്മാരായി. 2021ല്‍ 1,32,795 ഇന്ത്യക്കാര്‍ സമ്പന്നരാജ്യങ്ങളുടെ പൗരത്വമെടുത്ത് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 1,18,058 പേരുമായി മെക്‌സിക്കോയും 1,03,736 പേരുമായി സിറിയയും രണ്ടും മൂന്നും സ്ഥാനത്ത് തുടര്‍ന്നു. 57,000 ചൈനീസ് പൗരന്മാര്‍ സമ്പന്ന രാജ്യങ്ങളുടെ പൗരത്വമെടുത്തിട്ടുണ്ട്.

സ്വന്തം രാജ്യം വിട്ട് ഇന്ത്യക്കാര്‍ പൗരത്വം തേടുന്ന രാജ്യങ്ങളില്‍ മൂന്നാമത്താണ് കാനഡ. ഒന്നാമത്തേത് അമേരിക്കയും രണ്ടാമത്തേത് ആസ്രേതലിയയുമാണ്.2021ല്‍ 1.3 ലക്ഷം ഇന്ത്യക്കാരാണ് സമ്പന്ന രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചത്. ശതമാനം കൊണ്ട് ആനുപാതികമായ വര്‍ധന കനേഡിയന്‍ പൗരന്മാരായ ഇന്ത്യക്കാരുടെ എണ്ണത്തിലാണെങ്കിലും 2021ല്‍ ഏറ്റവും കൂടുതല്‍ പേര്‍ പൗരത്വമെടുത്തത് അമേരിക്കയിലാണ്. 56,000 പേര്‍. ആസ്‌ത്രേലിയയില്‍ പോയ 24,000 ഇന്ത്യക്കാരും കനഡയില്‍ പോയ 21,000 ഇന്ത്യക്കാരും അവിടെ പൗരന്മാരായി.

Top