മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം: ദേശീയ വനിത കമ്മിഷന്‍ കേസെടുത്ത്

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ ദേശീയ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മണിപ്പുര്‍ ഡിജിപിയോട് ആവശ്യപ്പെട്ടതായും ദേശീയ വനിത കമ്മിഷന്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ വൈകുന്നേരത്തോടെ പിടിയിലാവുമെന്ന് പ്രതീക്ഷിക്കുന്നു. നിന്ദ്യമായ പ്രവൃത്തി ചെയ്ത എല്ലാവരും ശിക്ഷ നേരിടേണ്ടി വരുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

സംഭവത്തിന്റെ വിഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കവേ വനിത കമ്മിഷന്‍ ട്വിറ്ററിനും നോട്ടിസ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ജൂലൈ 28നുള്ളില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നല്‍കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

മണിപ്പുരില്‍ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുന്ന വിഡിയോയാണു പുറത്തുവന്നത്. മേയ് നാലിനു നടന്ന അതിക്രമത്തിന്റെ വിഡിയോ ഇന്നലെയാണു പുറത്തുവന്നത്. രാജ്യവ്യാപകമായി വലിയ രോഷമാണു ഇതിനെതിരെ ഉയര്‍ന്നത്. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ കാന്‍ഗ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നത്. നഗ്‌നരായ രണ്ടു സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു വിഡിയോയിലുള്ളത്. മെയ്‌തെയ് വിഭാഗക്കാരാണ് അക്രമം നടത്തിയതെന്ന് ഐടിഎല്‍എഫ് ആരോപിച്ചു.

Top