യുവാവ് തലകറങ്ങി താഴേക്ക് വീണ സംഭവം: രക്ഷകന് ജോലി നല്‍കി ഊരാളുങ്കല്‍

കോഴിക്കോട്: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാംനിലയില്‍നിന്ന് തലകറങ്ങി താഴേക്കുവീണ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ജോലിനല്‍കും. വടകര കീഴൽ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക.

ചെങ്കൽ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബാബുരാജിന് ചെയർമാൻ ഉപഹാരവും നൽകി.

ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയിൽ ചാരി നിൽക്കുകയായിരുന്ന അരൂർ സ്വദേശി നടുപ്പറമ്പിൽ ബിനു പൊടുന്നനെ പിന്നോട്ടു മറിയുകയായിരുന്നു. അടുത്തു നിൽക്കുകയായിരുന്ന ബാബുരാജ് മിന്നൽ വേഗത്തിൽ ബിനുവിന്റെ കാലിൽ മുറുകെ പിടിക്കുകയായിരുന്നു. എല്ലാവരുംകൂടി ബിനുവിനെ വലിച്ചുകയറ്റി വരാന്തയിൽ കിടത്തി. ആശുപത്രിയിൽ എത്തിച്ച് അടിയന്തര വൈദ്യശുശ്രൂഷയും ലഭ്യമാക്കി.

ബാബുരാജ് ബിനുവിനെ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Top