സ്ത്രിയുടെ മൃതദേഹം കവറിനുള്ളില്‍; ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതം

കൊച്ചി: കടവന്ത്രയിലെ ഉത്തരേന്ത്യൻ സ്വദേശിനിയുടെ മരണത്തിൽ ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊലപാതകം നടത്തി ഭർത്താവ് രാം ബഹദൂർ മുങ്ങിയെന്നാണ് പൊലീസ് നി​ഗമനം. ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാക്കും. മഹാരാഷ്ട്ര സ്വദേശികളായ ഭാര്യയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കുണ്ടാവാറുണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. ഭർത്താവിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. എന്നാൽ ഇയാളെ സംബന്ധിച്ച് നിലവിൽ പൊലീസിന് യാതൊരു വിവരവുമില്ല.

അയൽവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൃതദേഹം നടപടികൾ പൂർത്തിയാക്കി ആർക്കു കൈമാറണമെന്ന കാര്യത്തിലും പൊലീസിന് വ്യക്തതയില്ല. കടവന്ത്ര എളംകുളത്തെ വീട്ടിൽ ഇന്നലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു വയോധികയുടെ വീടിന് മുകൾഭാഗത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. പരിസരത്ത് ദുർഗന്ധമനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കവറിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Top