വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവം; ബസും ഡ്രൈവറും കസ്റ്റഡിയില്‍

കോട്ടയം: അമിത വേഗത്തിൽപ്പോയ ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറും ബസും പൊലീസ് കസ്റ്റഡിയിൽ. കൈനടി സ്വദേശി മനീഷിനെയാണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവങ്ങിലൂടെ അപകടമുണ്ടാക്കിയതിനും കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കോട്ടയം പാക്കിൽ പവർഹൗസ് ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കോട്ടയം-കൈനടി റൂട്ടിൽ ഓടുന്ന ചിപ്പി എന്ന ബസ് ആണ് അപകടം ഉണ്ടാക്കിയത്. എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിരാമിനാണ് സാരമായി പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ അഭിരാം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അപകടത്തിൽ കുട്ടിയുടെ രണ്ടു പല്ലുകൾ ഒടിഞ്ഞുപോകുകയും ചെയ്തു.

ബസ് അമിതവേഗത്തിലാണ് പോയത്. അപകടം ഉണ്ടായിട്ടും ബസ് നിർത്താൻ കൂട്ടാക്കിയില്ലെന്നും, നാട്ടുകാർ ഓടിക്കൂടി തടഞ്ഞപ്പോഴാണ് ബസ് നിർത്തിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ബസ് ജീവനക്കാർ തയ്യാറായില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

Top