ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവം; യുവാവിന്റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാല്‍: ബി.ജെ.പി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഭോപ്പാലിലെ വസതിയില്‍ വച്ചാണ് ദശരഥ് റാവത്ത് എന്ന യുവാവിന്റെ കാല്‍ കഴുകിയത്. സന്ദര്‍ശന വിഡിയോ മുഖ്യമന്ത്രി തന്നെ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആദിവാസിയായ ദഷ്മത് റാവത്തിന്റെ മുഖത്തേക്ക് ബിജെപി നേതാവ് പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ ബിജെപി പ്രതിരോധത്തിലായി. ഇതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

യുവാവിന്റെ ഇരുപാദങ്ങളും കഴുകിയ ശേഷം വലിയൊരു ഹാരം റാവത്തിന്റെ കഴുത്തിലിട്ട ശേഷം ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു. സ്വര്‍ണനിറത്തിലുള്ള ഗണപതി വിഗ്രഹമടക്കമുള്ള സമ്മാനങ്ങളും നല്‍കി. മധുരം റാവത്തിന്റെ വായില്‍ വച്ചു നല്‍കിയ ശേഷം കുറച്ചു സമയം റാവത്തുമായി സിങ് സംസാരിക്കുന്നതും വിഡിയോയില്‍ കാണാം.

ആ വിഡിയോ കണ്ട് ഞാന്‍ വേദനിച്ചു, ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു, ആളുകള്‍ എനിക്ക് ദൈവത്തെ പോലെയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി റാവത്തിനെ ഔദ്യോഗിക വസതിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും കസേരയില്‍ ഇരുത്തുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് നിലത്ത് ചെറിയൊരു സ്റ്റൂളില്‍ ഇരുന്നുകൊണ്ട് അദ്ദേഹം യുവാവിന്റെ കാല്‍ കഴുകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Top