ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; വിനായകന്‍ ഒരാഴ്ചയ്ക്കകം ഹാജരാകാന്‍ നോട്ടീസ് നല്‍കും

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ വിനായകന് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്ന് നോട്ടീസ് നല്‍കും. ഏഴ് ദിവസത്തിനുള്ളില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും വിനായകന്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് നീക്കം. നോട്ടീസ് നേരിട്ട് നല്‍കാനാണ് ശ്രമം. വിനായകന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് അറിയിച്ചു. കലാപ ആഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കഴിഞ്ഞ ദിവസം വിനായകനെതിരെ കേസെടുത്തത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകന്‍ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്’ – വിനായകന്‍ ലൈവില്‍ ചോദിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെടുകയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.

Top