ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; വിനായകനെതിരെ നടപടിക്ക് സിനിമ സംഘടനകള്‍

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമാ സംഘടനകള്‍. പൊലീസ് കേസ് നോക്കി തീരുമാനമുണ്ടാകുമെന്ന് അറിയിച്ചു.

ഫെയ്‌സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്‌സ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടന്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് വിനായകന്‍ നേരിടുന്നത്. ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരേ പോലീസ് കേസുമെടുത്തിട്ടുണ്ട്. വികാരം വ്രണപ്പെടുത്തിയും മൃതദേഹത്തോട് അനാദരവുകാട്ടിയും പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി.

Top