പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവം; കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി

കോഴിക്കോട്: ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ഇറങ്ങിയോടിയ സംഭവത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് തേടി. സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ ഉമേഷിനാണ് അന്വേഷണ ചുമതല. ഉടൻ റിപ്പോർട്ട് നൽകാനാണ് നിർദേശം. വെള്ളിമാടുകുന്ന്  ചിൽഡ്രൻസ് ഹോമിൽ  നിന്ന് ആറ് പെൺകുട്ടികൾ ഒളിച്ചോടിപ്പോയ സംഭവത്തിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്. ഇയാളെ ഉടൻ തന്നെ പിടികൂടിയിരുന്നു.

പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ലോ കോളേജ് പരിസരത്ത് ഒളിച്ചിരിക്കുക ആയിരുന്നു പ്രതി. ഒരാൾ ഓടി വരുന്നത് കണ്ട ലോ കോളേജിലെ കുട്ടികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പ്രതി കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. വസ്ത്രം മാറാൻ പ്രതികൾക്ക് സമയം നൽകിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിൻ രക്ഷപ്പെട്ടത് എന്ന് പൊലീസ് പറയുന്നു. സ്റ്റേഷന് അകത്തു നിന്ന് ഇടനാഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോ​ഗിച്ച് ന​ഗരം കേന്ദ്രീകരിച്ച് പൊലീസ് തെരച്ചിൽ ശക്തമാക്കുകയായിരുന്നു.

Top