മുസ്ലീംലീഗിനെ നിരന്തരം സി.പി.എം പരിപാടിയിലേക്ക് ക്ഷണിക്കുന്നതിൽ, മലപ്പുറത്തെ സി.പി.എം പ്രവർത്തകരും കടുത്ത രോക്ഷത്തിൽ

കേരളത്തിലെ സി.പി.എം എന്ന രാഷ്ട്രീയ പാർട്ടിയുടെ ശക്തി എന്താണെന്നത് ആ പാർട്ടിയുടെ നേതാക്കൾക്ക് അറിയില്ലങ്കിൽ അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്. മുസ്ലീംലീഗിന് സി.പി.എം നൽകുന്ന പ്രാധാന്യം അതിരുകവിഞ്ഞ പ്രാധാന്യം തന്നെയാണ്. അതെന്തായാലും… പറയാതിരിക്കാൻ കഴിയുകയില്ല. സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ലീഗിനെ ക്ഷണിക്കുന്നത് ഇപ്പോൾ ഒരു പതിവായിരിക്കുകയാണ്.

ഒടുവിൽ , പലസ്തീൻ ഐക്യദാർഢ്യ സെമിനാറിലേക്കും സി.പി.എം ലീഗിനെ ക്ഷണിക്കുകയുണ്ടായി. എന്നാൽ, കോൺഗ്രസ്സിന്റെ എതിർപ്പിനെ തുടർന്ന് സെമിനാറിൽ പങ്കെടുക്കേണ്ടതില്ലന്നാണ് പിന്നീട് ലീഗ് പരസ്യമായി പ്രഖ്യാപിച്ചിരുന്നത്. ഇതോടെ നാണം കെട്ടതും സി.പി.എമ്മാണ്. മുസ്ലീംലീഗ് വലിയ ഒരു സംഭവമാണെന്ന് , പൊതു സമൂഹത്തിൽ തോന്നലുണ്ടാക്കുന്ന പ്രവർത്തികൾ സി.പി.എം ഇപ്പോൾ നിരന്തരം ആവർത്തിക്കുകയാണ്.

ഏറ്റവും ഒടുവിൽ , കണ്ണൂരിൽ…എം.വി.ആർ. ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം.വി. രാഘവൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ , മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചതും വലിയ വാർത്തയാണ്. ക്ഷണിച്ചതിനേക്കാൾ, ലീഗ് ക്ഷണം നിരസിച്ചതാണിപ്പോൾ , മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സി.പി.എം നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിലേക്ക് കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചത് എം.വി.ആറിന്റെ മകൻ നികേഷ് കുമാർ ആണെങ്കിലും സി.പി.എം ക്ഷണിച്ചതായാണ് വാർത്തകൾ വന്നിരിക്കുന്നത്. ഇത്തരം ഒരവസ്ഥ സൃഷ്ടിക്കപ്പെട്ടത് , ലീഗിനെ നിരന്തരം, സി.പി.എം ക്ഷണിക്കുന്നത് കൊണ്ടും ആ പാർട്ടിയെ പ്രശംസിക്കുന്നതു കൊണ്ടും മാത്രമാണ്. ഇത്തരം ലീഗ് പ്രീണന രാഷ്ട്രീയം കൊണ്ട് , സി.പി.എമ്മിന് നഷ്ടമല്ലാതെ , ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. അക്കാര്യവും ഉറപ്പാണ്.

പ്രത്യയ ശാസ്ത്രപരമായി ഒരു കാരണവശാലും , മുസ്ലീംലീഗിനെ ഉൾക്കൊള്ളാൻ കമ്യൂണിസ്റ്റു പാർട്ടികൾക്കു കഴിയുകയില്ല. പേരിലും കൊടിയിലും ഒരു മതവിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയാണ് മുസ്ലീംലീഗ്. യു.ഡി.എഫ് കേരളം ഭരിക്കുന്ന കാലഘട്ടത്തിലാണ് , മലപ്പുറത്ത് ഉൾപ്പെടെ , തീവ്രമുസ്ലിംസംഘടനകൾ ശക്തി പ്രാപിച്ചിരുന്നത്. ലീഗ് ഭരണത്തിലുള്ള ആ കാലഘട്ടത്തിൽ , ഇത്തരം സംഘടനകളിലെ പ്രവർത്തകർ പ്രതിയായ എത്രകേസുകൾ പിൻവലിക്കപ്പെട്ടു എന്ന കണക്കുകൾകൂടി , സി.പി.എം നേതാക്കൾ പരിശോധിക്കുന്നത് നല്ലതായിരിക്കും.

മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്നവർ എന്ന സർട്ടിഫിക്കറ്റ് , ലീഗിന് നൽകും മുൻപ് , ഈ കണക്കുകൾ കൂടി , രാഷ്ട്രീയ കേരളം അറിയേണ്ടതുണ്ട്. മുൻപ്…സി.പി.എം പി.ബി അംഗം എ വിജയരാഘവൻ പറഞ്ഞതു പോലെ, “സ്വന്തം വർഗീയ വാദത്തിൻറെ കരുത്തിൽ കേരളത്തെ തന്നെ നിയന്ത്രിക്കുകയെന്ന നിഗൂഢ താൽപര്യം കൂടി , ലീഗിന്റെ അജണ്ടയിൽ ഉണ്ട്. അതിന് കോൺഗ്രസ് വിധേയമായി എന്നതും , ഒരു യാഥാർത്ഥ്യം തന്നെയാണ്. മതേതര ചേരിയിലുള്ള മുസ്‍ലിം വിഭാഗത്തെ, മുസ്ലീംലീഗ് മതമൗലിക പക്ഷത്ത് എത്തിച്ചെന്ന വിജയ രാഘവന്റെ ആരോപണവും, രാഷ്ട്രീയ കേരളത്തിന് തള്ളിക്കളയാൻ കഴിയുന്നതല്ല.

മുസ്‍ലിം സമുദായത്തിലെ ഭൂരിപക്ഷ ആളുകളും ലീഗിൻറെ ഈ നീക്കങ്ങൾക്കെതിരാണെന്നും മുസ്‌ലിംകൾ വിശ്വാസമുള്ളവരാണെങ്കിലും, മതേതരരാണെന്നും … വിജയരാഘവൻ എടുത്തു പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലുടനീളം ഇടതുപക്ഷമാണ് വർഗീയതക്കെതിരെ നിലപാട് എടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് , എ വിജയരാഘവൻ ഇത്തരമൊരു അഭിപ്രായ പ്രകടനം മുൻപ് നടത്തിയിരുന്നത്. വിജയരാഘവന്റെ ഈ അഭിപ്രായമാണ് , സി.പി.എമ്മിനെ പിന്തുണയ്ക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിനുമുള്ളത്. ലീഗിന്റെ തട്ടകമായ മലപ്പുറത്തെ സി.പി.എം അനുഭാവികൾക്കിടയിൽ, ഒരു സർവേ നടത്തുകയാണെങ്കിൽ , ആർക്കുംതന്നെ ബോധ്യപ്പെടുന്ന കാര്യമാണിത്.

ഇ.എം.എസിന്റെ കാലം മുതൽ തന്നെ , മുസ്ലിംലീഗുമായുള്ള സമീപനത്തിൽ , സി.പി.എമ്മിനു വ്യക്തമായ നിലപാടുണ്ട്. ആ നിലപാടിനെ പിൻപറ്റിയാണ് , ലീഗിനു സ്വാധീനമുള്ള മലബാറിലെ സി.പി.എം പ്രവർത്തകരും മുന്നോട്ടു പോകുന്നത്. സി.പി.എം സ്ഥാപക നേതാവായ വി.എസും , ലീഗ് വിഷയത്തിൽ , പലവട്ടം നിലപാടു വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ നിലപാടിൽ മാറ്റം വരുത്തേണ്ട എന്തു സാഹചര്യമാണ് , ഇപ്പോൾ കേരളത്തിൽ ഉള്ളതെന്നതിന് , സി.പി.എം സംസ്ഥാന നേതൃത്വമാണ് മറുപടി പറയേണ്ടത്. ലീഗ് ഏറ്റവും വലിയ പാർട്ടിയായ മലപ്പുറം ജില്ലയിൽ പോലും , ലീഗിനെ വിറപ്പിച്ച ചരിത്രമാണ് സി.പി.എമ്മിനുള്ളത്. 16 നിയമസഭാ സീറ്റുകൾ ഉള്ള മലപ്പുറത്ത് , നിലവിൽ 4 സീറ്റുകൾ ആണ് സി.പി.എമ്മിനൊള്ളൂവെങ്കിലും , ഒന്ന് ആഞ്ഞ് പിടിച്ചാൽ , സി.പി.എമ്മിനു തകർക്കാൻ കഴിയുന്ന കോട്ട തന്നെയാണ് മലപ്പുറം.

പെരിന്തൽമണ്ണ മണ്ഡലത്തിൽ കേവലം 38 വോട്ടിനാണ് , കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീഗ് ജയിച്ചിരിക്കുന്നത്. മങ്കടയിൽ 6,246, തിരൂരിൽ 7,214, തിരൂരങ്ങാടിയിൽ 9578, എന്നിങ്ങനെയാണ് അവരുടെ കുറഞ്ഞ ഭൂരിപക്ഷം. മഞ്ചേരിയിലും വള്ളിക്കുന്നിലും പതിനയ്യായിരത്തിൽ താഴെയാണ് ലീഗിനു ഭൂരിപക്ഷമുള്ളത്. കോട്ടക്കൽ, കൊണ്ടോട്ടി അടക്കമുള്ളി മണ്ഡലങ്ങളിലും, വാശിയേറിയ മത്സരമാണ് നടക്കുന്നത്. ഇവിടങ്ങളിൽ , പൊതു സമ്മതരായ സ്വതന്ത്രരെ നിർത്തിയാൽ , ലീഗിന് വൻ വെല്ലുവിളി ഉയർത്താൻ ഇടതുപക്ഷത്തിനു കഴിയും. കോൺഗ്രസ്സിലെ ആര്യാടൻ പക്ഷത്തിന്റെ പിന്തുണയില്ലെങ്കിൽ, കഴിഞ്ഞ തവണ തന്നെ , രണ്ട് സീറ്റുകളിൽ ലീഗ് ഒതുങ്ങുമായിരുന്നു. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് , ഇടഞ്ഞു നിൽക്കുന്ന ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ്സിൽ ഉറപ്പിച്ചു നിർത്താൻ , മുസ്ലീംലീഗ് നേതാക്കൾ തന്നെ നേരിട്ട് ഇടപെടൽ നടത്തിയിരിക്കുന്നത്.

മലപ്പുറം ജില്ലയിൽ ഉൾപ്പെട്ട , മലപ്പുറം പൊന്നാനി ലോകസഭ മണ്ഡലങ്ങളിൽ , പൊന്നാനിയിൽ ഇത്തവണ നടക്കാൻ പോകുന്നത് പൊരിഞ്ഞ പോരാട്ടമായിരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ , പതിനായിരത്തിൽ താഴെ മാത്രമാണ് , പൊന്നാനി ലോകസഭ മണ്ഡലത്തിലെ യു.ഡി.എഫിന്റെ ഭൂരിപക്ഷം. കരുത്തനായ സ്ഥാനാർത്ഥിയെ സി.പി.എം രംഗത്തിറക്കിയാൽ , ലീഗിന്റെ ഈ പൊന്നാപുരം കോട്ടയാണ് തകർക്കപ്പെടുക. ഇക്കാര്യത്തിൽ നല്ല ഭയം… സിറ്റിംഗ് എം.പിയായ ഇടി മുഹമ്മദ് ബഷീറിനുമുണ്ട്. അതു കൊണ്ടാണ് അദ്ദേഹം , പൊന്നാനിയിൽ നിന്നും , മലപ്പുറത്തേക്ക് കൂടു മാറാൻ ശ്രമിക്കുന്നത്. ഇതൊക്കെയാണ് , നിലവിലെ മലപ്പുറത്തെ യാഥാർത്ഥ്യങ്ങൾ.

അതായത് , മലപ്പുറത്ത് സി.പി.എമ്മിനു വിജയിക്കാൻ , ലീഗിന്റെ ഒരു തണലും ആവശ്യമില്ല. ടി.കെ ഹംസയിലൂടെയും , കെടി ജലീലിലൂടെയും , വി. അബ്ദുറഹിമാനിലൂടെയും , മലപ്പുറത്ത് രാഷ്ട്രീയ അട്ടിമറി സാധ്യമാക്കിയ സി.പി.എം , ആ പാതയിൽ കൂടി തന്നെയാണ് മുന്നോട്ടു പോകുന്നത്. മലപ്പുറത്തെ സി.പി.എം പോരാടുന്നത് ലീഗിനെതിരെയാണ്. ലീഗ് വിരുദ്ധ വോട്ടുകളാണ് സി.പി.എമ്മിന്റെ വോട്ട് ബാങ്ക്. അത് മറന്നിട്ടൊരു നീക്കം നേതൃത്വം നടത്തിയാൽ , വലിയ തിരിച്ചടിയാണ് സംഭവിക്കുക. മലബാറിലെ ലീഗ് വിരുദ്ധർ , സി.പി.എമ്മിൽ നിന്നും അകന്നു പോകുക മാത്രമല്ല , പ്രവർത്തകർ നിഷ്ക്രിയരാകാനും , സാധ്യത ഏറെയാണ്.

മലബാറിൽ ഇതാണ് സംഭവിക്കുകയെങ്കിൽ , മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും , ബി.ജെ.പിയാണ് ഇത്തരമൊരു അവസ്ഥ മുതലെടുക്കുക. സി.പി.എമ്മിന്റെ പ്രധാന വോട്ട് ബാങ്കായ ഹിന്ദു വോട്ട് ബാങ്കിൽ , വലിയ വിള്ളൽ വീഴ്ത്താനും , ബി.ജെ.പിക്ക് സാധിച്ചേക്കും. ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ക്രൈസ്തവ വിഭാഗവും , അതോടെ, സി.പി.എമ്മിൽ നിന്നും അകന്നാലും , അത്ഭുതപ്പെടേണ്ടതില്ല. എന്തിനേറെ കാന്തപുരം സുന്നി വിഭാഗത്തിന്റെ വോട്ടുകൾ പോലും , മുസ്ലീംലീഗ് … ഇടതുമുന്നണിയുടെ ഭാഗമായാൽ നഷ്ടമാകും.

പ്രത്യയശാസ്ത്രപരമായ നിലപാടിനെ നിരാകരിച്ചെടുക്കുന്ന ഏതുതരം സഖ്യവും, കമ്യൂണിസ്റ്റു പാർട്ടികളുടെ അടിത്തറയാണ് തകർക്കുക. ലീഗിനെ വെളുപ്പിക്കാൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റു നേതാക്കൾ , ഈ യാഥാർത്ഥ്യവും, തിരിച്ചറിയുന്നത് നല്ലതാണ്. ജാതിക്കും…മതത്തിനും … നിറത്തിനും , സമ്പത്തിനും എല്ലാം മീതെ , മനുഷ്യരെ മനുഷ്യരായി കാണുന്നവരാണ് കമ്യൂണിസ്റ്റു പാർട്ടികൾ. പാവങ്ങൾക്കു വേണ്ടി ചെങ്കൊടി വീഴ്ത്തിയ ചോരത്തുളളികളാൽ കെട്ടിപടുത്ത ആ മഹാ പ്രസ്ഥാനത്തിന് കളങ്കം ഏർപ്പെടുത്തുന്ന ഒരു പ്രവർത്തിയും , ഒരു കമ്യൂണിസ്റ്റു നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടുള്ളതല്ല. ഇടതുപക്ഷ കേരളം ആഗ്രഹിക്കുന്നതും , അതു തന്നെയാണ് . . .

EXPRESS KERALA VIEW

Top