ധോണിക്ക് മുന്നേ ക്രിസ് ഗെയിലിനും ഐസിസിയുടെ വിലക്ക്;കാരണം ഇതാണ്‌

ധോണി ലോകകപ്പില്‍ സൈനിക ചിഹ്നങ്ങളുള്ള കീപ്പിങ് ഗ്ലൗസ് ധരിച്ചത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ബലിദാന്‍ മുദ്ര പതിപ്പിച്ച ഗ്ലൗസ് ധരിച്ചതിന് ധോണിക്കെതിരെ ഐസിസിയും രംഗത്ത് വന്നിരുന്നു. എന്നാല്‍ മതം, രാഷ്ട്രീയം, വര്‍ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളല്ല ധോണി ധരിച്ചതെന്നും അതു ഒരു രാജ്യത്തിന്റെ അഭിമാനത്തെയാണ് പ്രതിനിധീകരിക്കുന്നതാണെന്നും, അതിനാല്‍ ധോണിയെ ഈ ഗ്ലൗസ് അണിയാന്‍ അനുവദിക്കണമെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഐസിസി ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു.

എന്നാല്‍ ധോണിക്ക് മുന്നേ വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയിലിന്റെ ഒരു ആവശ്യവും ഐസിസി തള്ളിക്കളഞ്ഞിരുന്നു എന്നാണ് ക്രിക്കറ്റ് ലോകത്തു നിന്നുള്ള പുതിയ റിപ്പോര്‍ട്ട്. യൂണിവേഴ്‌സ് ബോസ് എന്നെഴുതിയ സ്റ്റിക്കര്‍ പതിപ്പിച്ച ബാറ്റുമായി ലോകകപ്പില്‍ കളിക്കാന്‍ അനുവദിക്കണമെന്ന ഗെയിലിന്റെ ആവശ്യമാണ് ഐസിസി തള്ളികളഞ്ഞത്.

ലോകകപ്പില്‍ കളിക്കുമ്പോള്‍ വ്യക്തിപരമായ സന്ദേശങ്ങളും മറ്റും ഉപകരണങ്ങളില്‍ പതിപ്പിക്കാന്‍ അനുവാദമില്ലെന്നായിരുന്നു ഐസിസി, ഗെയിലിനോട് വ്യക്തമാക്കിയത്. ഐസിസിയുടെ മറുപടി അംഗീകരിച്ച ഗെയിലാകട്ടെ തന്റെ ബാറ്റില്‍ നിന്ന് യൂണിവേഴ്‌സ് ബോസ് സ്റ്റിക്കര്‍ നീക്കവും ചെയ്തു.

ധോണിയുടെ ബലിദാന്‍ മുദ്ര പതിപ്പിച്ച ഗ്ലൗസിനെതിരെ പാക്ക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി രംഗത്ത് വന്നിരുന്നു. ധോണി ഇംഗ്ലണ്ടില്‍ പോയത് ലോകകപ്പിനാണെന്നും അല്ലാതെ മഹാഭാരത യുദ്ധത്തിനല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Top