കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു

കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു. തുടര്‍ന്ന് ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആയാംകുടി ഇല്ലിപ്പടിക്കല്‍ രത്‌നമ്മ ആണ് കുത്തേറ്റ് മരിച്ചത്. രത്‌നമ്മയും ഭര്‍ത്താവ് ചന്ദ്രനും നിരന്തരം വഴക്കായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.

പലപ്പോഴും അയല്‍വാസികളുടെ ഇടപെടല്‍ മൂലമാണ് തര്‍ക്കം അവസാനിപ്പിക്കാറ്. ഇത് മിക്കവാറും ദേഹോപദ്രവത്തിലും എത്താറുണ്ട്. കുറച്ചുനാളുകളായി ഭര്‍ത്താവുമായി പിണങ്ങി രത്‌നമ്മ മകളുടെ വീട്ടിലായിരുന്നു. തിരിച്ചെത്തിയപ്പോള്‍ വീണ്ടും വഴക്കാവുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ഉണ്ടായ വഴക്കാണ് 57കാരിയായ രത്‌നമ്മയുടെ ജീവനെടുത്തത്. പെട്ടെന്നുള്ള പ്രകോപനത്തില്‍ ചന്ദ്രന്‍ ഭാര്യയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിഷം കഴിച്ച നിലയില്‍ ചന്ദ്രനെ കണ്ടെത്തിയത്. ചന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരനാണ് ചന്ദ്രന്‍. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Top