മോൻസനെ ‘പൂട്ടിയ’ എസ്.പിയുടെ ചരിത്രം വേറെ ലെവൽ, കേരള പൊലീസിന് വീണ്ടും അഭിമാനമായി അയാൾ !

ടുവില്‍ കേരള പൊലീസിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ പോക്‌സോ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിചാരണ കോടതി പ്രതിയെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. കേരള പൊലീസിന്റെ അന്വേഷണ മികവുമൂലമാണ് ഇത്തരം ഒരു വിധി ഉണ്ടായിരിക്കുന്നത്. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന എം.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസില്‍ പഴുതടച്ച അന്വേഷണം നടത്തിയിരുന്നത്. മോന്‍സനെതിരായ തെളിവുകള്‍ കണ്ടെത്തി എറണാകുളം ജില്ലാ പോക്‌സോ കോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടി ക്രൈംബ്രാഞ്ച് സംഘത്തിന് ശരിക്കും കഷ്ടപ്പെടേണ്ടി വന്നിരുന്നു. മോന്‍സനെതിരായി റജിസ്റ്റര്‍ ചെയ്ത കേസുകളിലെ ആദ്യത്തെ വിധിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മറ്റു കേസുകളില്‍ മോന്‍സന് ജാമ്യം ലഭിച്ചെങ്കിലും പോക്‌സോ കേസില്‍ മോന്‍സനു ജാമ്യം ലഭിച്ചിരുന്നില്ല.

പോക്‌സോ ആക്ടിലെ 7, 8 വകുപ്പുകള്‍ പ്രകാരമാണ് മോന്‍സന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമേ ഐപിസി 370 പ്രകാരം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുവയ്ച്ചതിനും ഐപിസി 342 പ്രകാരം അന്യായമായി തടവില്‍ പാര്‍പ്പിച്ചതിനും ഐപിസി 354 എ വകുപ്പില്‍ സ്ത്രീക്കു നേരെയുണ്ടായ അതിക്രമത്തിനും ഐപിസി 376 മുന്‍ നിര്‍ത്തി ബലാത്സംഗത്തിനും  പ്രതിക്കെതിരെ കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഐപിസി 313, 506 വകുപ്പുകള്‍ പ്രകാരം സ്ത്രീയുടെ അനുമതിയില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും മോന്‍സനെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം പോക്‌സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോന്‍സനെതിരെ ചുമത്തിയിട്ടുള്ളത്.

മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ സംബന്ധിച്ച് ഇത് അഭിമാനിക്കാന്‍ ഏറെ വക നല്‍കുന്നതാണ്. പഠിക്കാന്‍ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്ത് 17 വയസ്സുള്ള പെണ്‍കുട്ടിയെ മോന്‍സണ്‍ പീഡിപ്പിച്ചെന്നതാണ് ക്രൈംബ്രാഞ്ച് കേസ്. മോന്‍സന്റെ ജീവനക്കാരിയുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. എസ്.പി മോഹന ചന്ദ്രന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റം ഉള്‍പ്പെടെയുളള ക്രൈംബാഞ്ച് സംഘമാണ് കേസന്വേഷിച്ചു കുറ്റപത്രം നല്‍കിയിരുന്നത്.

പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരനെ സാമ്പത്തിക തട്ടിപ്പു കേസില്‍ മോന്‍സനൊപ്പം ക്രൈംബ്രാഞ്ച് പ്രതിയാക്കിയത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്. ഇതു സംബന്ധമായ വിവാദം കത്തി നില്‍ക്കെ തന്നെ മോന്‍സനെ പോക്‌സോ കേസില്‍ കുറ്റക്കാരനായി വിചാരണകോടതി കണ്ടെത്തിയത് കേരള സര്‍ക്കാറിനെ സംബന്ധിച്ചും വലിയ ഒരു പിടിവള്ളിയാണ്. വിവിധ തലങ്ങളില്‍ നിന്ന് കേരള പൊലീസ് വിമര്‍ശിക്കപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ മോന്‍സന്‍ കേസിലെ അനുകൂലവിധി പോലീസിനെ സംബന്ധിച്ച് തല ഉയര്‍ത്തി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.

ഇതിനു കേരള പൊലീസിലെ ഷെര്‍ലക് ഹോംസ് എന്നറിയപ്പെടുന്ന മോഹന ചന്ദ്രനോടാണ് ആദ്യം നന്ദി പറയേണ്ടത്. കുറ്റാന്വേഷണ രംഗത്തെ മികവിനു ഇതിനകം തന്നെ ഒട്ടേറെ പുരസ്‌ക്കാരങ്ങളാണ് മോഹന ചന്ദ്രന്‍ നേടിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 30 ന് എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി ആയിരിക്കെയാണ് അദ്ദേഹം സര്‍വ്വീസില്‍ നിന്നും വിരമിച്ചിരുന്നത്. നിലവിലെ ഐ.പി.എസ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ അധികം താമസിയാതെ തന്നെ മോഹന ചന്ദ്രന്‍ സര്‍വ്വീസില്‍ തിരിച്ചെത്തും.

mohan2

കേരളത്തില്‍ നിന്നും ഐ.പി.എസിന് ശുപാര്‍ശ ചെയ്ത ലിസ്റ്റില്‍ ഉള്‍പ്പെട്ട മോഹനചന്ദ്രനെ യു.പി.എ.സി കൂടി അംഗീകരിക്കുന്നതോടെയാണ് നിയമനം സാധ്യമാകുക. പ്രലോഭനങ്ങളെയും ഭീഷണികളെയും വിലവെക്കാത്ത ഈ പൊലീസ് ഉദ്യോഗസ്ഥന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്. സി.ആര്‍.പി.എഫ് എസ്.ഐയായി 1990 -ല്‍ കേന്ദ്ര പോലീസ് സേനയില്‍ ചേര്‍ന്ന മോഹനചന്ദ്രനു ദേശീയ സുരക്ഷാ സേനയുടെ കമാന്റോ പരിശീലനവും ലഭിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം എസ്.പി.ജി പരിശീലനവും പൂര്‍ത്തിയാക്കുകയുണ്ടായി.

മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ എസ്.പി.ജി സുരക്ഷാസംഘത്തിലും ഈ മലയാളി ഉണ്ടായിരുന്നു. കേരള പോലീസില്‍ എസ്.ഐയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് 1995-ല്‍ കേന്ദ്രസര്‍വീസില്‍ നിന്നും രാജിവെച്ച് കേരള പോലീസില്‍ എത്തിയിരുന്നത്. രാജ്യത്തെ തന്നെ വലിയ ബാങ്ക് കവര്‍ച്ചകളായി മാറിയ ചേലേമ്പ്ര, പെരിയ, പൊന്ന്യം, കാന്നാണി, തിരുനാവായ ബാങ്ക് കവര്‍ച്ചാകേസുകളിലെ പ്രതികളെ പിടികൂടുന്നതില്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന മോഹനചന്ദ്രന്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചിരുന്നത്. തിരൂരങ്ങാടി കൊടിഞ്ഞിയിലെ പാത്തുമ്മക്കുട്ടി വധക്കേസിലെ പ്രതി ഇസ്ലാംഖാനെയും സംഘത്തെയും യു.പി മൊറാദാബാദിലെത്തി സാഹസികമായാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നത്.

കോളിളക്കം സൃഷ്ടിച്ച മാറാട് കലാപക്കേസ് അന്വേഷണസംഘത്തിലും മോഹനചന്ദ്രന്‍ ഉണ്ടായിരുന്നു. കുനിയില്‍ ഇരട്ടക്കൊലക്കേസ്, നിലമ്പൂര്‍ രാധാവധക്കേസ് എന്നിവ അന്വേഷിച്ച പ്രത്യേക സംഘത്തിലും മോഹനചന്ദ്രന്‍ പ്രവര്‍ത്തിച്ചു. മതം മാറ്റത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസല്‍ വധക്കേസ്, ബിബിന്‍ വധക്കേസ്, കാസര്‍ക്കോട് റിയാസ് മൗലവി വധക്കേസ്, അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസ്, ചാവക്കാട് വടക്കെക്കാട് ഷെമീര്‍ വധക്കേസ്, എന്നിവ തെളിയിച്ചതും മോഹനചന്ദ്രന്റെ അന്വേഷണ മികവിലാണ്.2009 -ലെ പെരിയ പൊന്ന്യന്‍ കവര്‍ച്ചാക്കേസ് അന്വേഷണത്തിനിടയില്‍ തമിഴ്നാട് കുറുവ സംഘം നടത്തിയ 12 ബാങ്ക് കവര്‍ച്ചകള്‍ക്കാണ് മോഹന ചന്ദ്രന്‍ തുമ്പുണ്ടാക്കിയിരുന്നത്.

കഞ്ചാവ് വേട്ടയിലും അദ്ദേഹത്തിന്റെ അന്വേഷണ മികവ് പ്രകടമാണ്. കാസര്‍ഗോട്ടുനിന്നു മാത്രം 600 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയിരുന്നത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയായിരിക്കെ നോട്ടു നിരോധനത്തിനു ശേഷം 2 വര്‍ഷം കൊണ്ട് 125 കോടി രൂപയുടെ നിരോധിതനോട്ടുകളാണ് പിടിച്ചെടുത്തിരുന്നത്. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ക്ക് പുറമെ 110 കോടി രൂപ വിലമതിക്കുന്ന തുര്‍ക്കി കറന്‍സിയും മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടുകയുണ്ടായി.

മലപ്പുറത്ത് തെരുവുനായ്ക്കള്‍ക്ക് നിരന്തരം വെട്ടേല്‍ക്കുന്നത് തീവ്രവാദസംഘങ്ങളുടെ പരിശീലനത്തിനിടെയാണെന്ന പ്രചരണ പൊളിച്ചടുക്കിയതും മോഹന ചന്ദ്രനാണ് നായ്ക്കളുടെ തലയിലെ മുറിവ് പരിശോധിക്കുകയും വെറ്റിനറി സര്‍ജന്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പരിഗണിച്ചും തികച്ചും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഇക്കാര്യത്തിലെ ദുരൂഹത അന്വേഷണ സംഘം മാറ്റിയിരുന്നത്. ഇണചേരുന്ന സീസണിലും മറ്റും നായ്ക്കള്‍ കടിപിടി കൂടിയുണ്ടാകുന്ന മുറിവാണിതെന്നാണ് അന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.

ഹൈവേ കൊള്ളക്കാരനും ക്വട്ടേഷന്‍ ഗുണ്ടാസംഘത്തലവനായ കോടാലി ശ്രീധരന്‍, വാഹനമോഷ്ടാവ് വീരപ്പന്‍ റഹീം എന്നിവരെ സാഹസികമായി പിടികൂടിയതും മോഹന ചന്ദ്രന്റെ നേതൃത്വത്തിലാണ്. കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലുമായി വ്യാപിച്ചിരുന്ന കോടാലി ശ്രീധരന്റെ ഹൈവേ കൊള്ള സംഘത്തെ പിടികൂടിയതോടെ മോഹനചന്ദ്രന് നേരെ വലിയ ഭീഷണിയും ഉയരുകയുണ്ടായി. ഇതിനു പിന്നാലെ മോഹനചന്ദ്രനെ അപായപ്പെടുത്താന്‍ ക്വാട്ടേഷന്‍ നല്‍കിയവരെയും പോലീസ് പിടികൂടുകയുണ്ടായി.

നിലമ്പൂര്‍ വനത്തില്‍ പോലീസും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടല്‍ സംഘത്തിലും ഈ പോലീസ് ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. ആദിവാസി കോളനികളില്‍ ബോധവല്‍ക്കരണവും പ്രചരണവും നടത്തി ആദിവാസികള്‍ മാവോയിസ്റ്റ് ആശയത്തിലേക്ക് വഴിമാറാതിരിക്കാനുള്ള മുന്‍കരുതലും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയും മലപ്പുറം ഇന്റലിജന്‍സ് ഡി.വൈ.എസ്.പിയുമായിരിക്കെ മോഹനചന്ദ്രന്‍ സ്വീകരിച്ചിരുന്നു. നൂറോളം ഗുഡ് സര്‍വീസ് എന്‍ട്രികളാണ് തന്റെ സര്‍വ്വീസ് കാലയളവില്‍ മോഹന ചന്ദ്രന്‍ കരസ്ഥമാക്കിയിരിക്കുന്നത്. അപൂര്‍വ്വമായ നേട്ടം തന്നെയാണിത്. അതെന്തായാലും പറയാതെ വയ്യ . .

EXPRESS KERALA VIEW

Top