കമ്മ്യൂണിസ്റ്റുകളുടേത് ദേശദ്രോഹികളെ സഹായിച്ച ചരിത്രം : സ്മൃതി ഇറാനി

Smriti Irani

ചെങ്ങന്നൂര്‍: കമ്മ്യൂണിസ്റ്റുകളുടേത് ദേശദ്രോഹികളെ സഹായിച്ച ചരിത്രമാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി.

രാജ്യത്ത് ജനാധിപത്യത്തിന് നേരെ കൈകള്‍ ഉയര്‍ന്നപ്പോഴൊക്കെ ശത്രുക്കള്‍ക്കൊപ്പം നിന്നവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്നും അവര്‍ പറഞ്ഞു.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് ചെങ്ങന്നൂരില്‍ നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരാണ്. കേരളത്തില്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണ്. കൊല ചെയ്തും ഭീഷണിപ്പെടുത്തിയും സിപിഎമ്മുകാര്‍ ചെയ്തു വരുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യാ-ചൈന യുദ്ധകാലത്ത് ചൈനയ്‌ക്കൊപ്പം നിന്ന അവര്‍ പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യന്‍ പട്ടാളത്തിനെതിരെ സംസാരിച്ച പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നും ആ സ്ഥാനത്ത് തുടരുകയാണ്. അതിനെ അപലപിക്കാന്‍ പോലും സിപിഎം തയ്യാറാകാത്തത് ഈ നാടിനോടുള്ള അവരുടെ മാനസിക നിലയെയാണ് കാണിക്കുന്നത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനൊപ്പം ജിഹാദികള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നതും കമ്മ്യൂണിസ്റ്റുകളാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.

Top