കോവിഡ് പരിശോധനകള്‍ ഏറ്റവും കൂടുതല്‍ നടത്തിയത് അമേരിക്കയില്‍; മോദി അഭിനന്ദനം അറിയിച്ചുവെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് പരിശോധനകള്‍ വിപുലമായി നടത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അഭിനന്ദിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടത്തിയത് അമേരിക്കയാണ്. കഴിഞ്ഞ ഭരണകാലത്ത് പന്നിപ്പനി കൈകാര്യം ചെയ്യുന്നതില്‍ ജോ ബൈഡന്‍ ഒരു തികഞ്ഞ പരാജയമായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

‘ഇന്ത്യയേക്കാള്‍, മറ്റു പല വലിയ രാജ്യങ്ങളേക്കാള്‍ കൂടുതല്‍ ആളുകളില്‍ കോവിഡ് പരിശോധനകള്‍ നാം നടത്തി. പരിശോധനയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ 44 ദശലക്ഷം പരിശോധനകള്‍ അമേരിക്കയില്‍ കൂടുതലായി നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി എന്നെ വിളിക്കുകയും എന്നെ പ്രശംസിക്കുകയും ചെയ്തിരുന്നു.’ ട്രംപ് പറഞ്ഞു.

അമേരിക്കയിലേക്ക് തൊഴിലവസരങ്ങള്‍ തിരിച്ചു കൊണ്ടുവരുന്നതിന് നാലു വര്‍ഷമായി താന്‍ പ്രവര്‍ത്തിച്ചു. അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയും സൈന്യത്തെ പുനര്‍വിന്യസിക്കുകയും ചെയ്തു. മുമ്പെങ്ങുമില്ലാത്ത വിധം ചൈനയ്‌ക്കൊപ്പം തന്നെ നില്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു

Top