ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദ്വീപില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് അഡ്മിനിസ്‌ട്രേഷന്‍ ഹൈക്കോടതിയില്‍ വിശദമായ മറുപടി നല്‍കും.

നേരത്തെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അഡ്മിനിസ്‌ട്രേഷന്റെ രണ്ട് ഉത്തരവുകള്‍ സ്‌റ്റേ ചെയ്തിരുന്നു. സ്‌കൂളുകളില്‍ മാംസാഹാരം വിലക്കിയ ഉത്തരവ്, ഡയറി ഫാമുകള്‍ അടച്ചു പൂട്ടാനുള്ള ക്ഷീരവികസന വകുപ്പിന്റെ ഉത്തരവ് എന്നിവയാണ് ഹൈക്കോടതി തടഞ്ഞത്.

ലക്ഷദ്വീപിലെ അഭിഭാഷകനായ അജ്മല്‍ അഹമ്മദാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കടലിന് 20 മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വീടുകളും ശുചിമുറികളും പൊളിച്ച് നീക്കാനുള്ള ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ ഉത്തരവ് ഇന്നലെ കോടതി സ്‌റ്റേ ചെയ്തിരുന്നു.

ചട്ടലംഘനം ആരോപിച്ച് നോട്ടീസ് നല്‍കാന്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാരണം കാണിക്കല്‍ നോട്ടിസിന് ഹര്‍ജിക്കാര്‍ക്ക് മറുപടി നല്‍കാമെന്നും ഹര്‍ജിക്കാരെ കോടതിയുടെ അനുമതിയില്ലാതെ ഒഴിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Top