പ്രിന്‍സിപ്പല്‍ നിയമനത്തില്‍ വീണ്ടും ഇന്റര്‍വ്യൂ നടത്താനുള്ള സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനായി വീണ്ടും ഇന്റര്‍വ്യൂ നടത്താനുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തു. ആദ്യഘട്ടത്തില്‍ നിയമിക്കപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം വീണ്ടും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്താനായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവ്. പ്രിന്‍സിപ്പല്‍ നിയമനത്തിലെ പരാതികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നേരത്തെ അപ്പീല്‍ കമ്മിറ്റിയെയും നിയോഗിച്ചിരുന്നു.

പ്രിന്‍സിപ്പല്‍ നിയമനം അനിശ്ചിതമായി തുടരുന്നതിനിടെയാണ് നിര്‍ണ്ണായകമായ വിവരാവകാശ രേഖ പുറത്ത് വന്നത്. സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍, അയോഗ്യരായവരെ ഉള്‍പ്പെടുത്താന്‍ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. യുജിസി റഗുലേഷന്‍ പ്രകാരം രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്.

43 പേരുടെ പട്ടിക ഡിപ്പാര്‍ട്ടുമെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി അംഗീകരിക്കുകയും, നിയമനത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. നിയമനത്തിനായി സമര്‍പ്പിച്ച ശുപാര്‍ശ ഫയലിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ടന്ന വിവരം പുറത്ത് വരുന്നത്. 43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താതെ അയോഗ്യരായവരെ ഉള്‍ക്കൊള്ളിക്കുന്നതിലേക്ക് നയിച്ച അപ്പീല്‍ കമ്മിറ്റി രൂപീകരണത്തിന്റെ കാരണം ഈ ഇടപെടലായിരുന്നു. ഡിപ്പാര്‍ട്ടുമെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയില്‍ നിന്ന് പ്രിന്‍സിപ്പല്‍ നിയമനം നല്‍കുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീല്‍ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബര്‍ 12നാണ് മന്ത്രി ആര്‍ ബിന്ദു ഫയലില്‍ എഴുതിയത്. സെലക്ഷന്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂര്‍ണ ഫയല്‍ ഹാജരാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

യുജിസി റഗുലേഷന്‍ പ്രകാരം സെലക്ഷന്‍ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാന്‍ വ്യവസ്ഥയില്ല. മന്ത്രിയുടെ നിര്‍ദേശ പ്രകാരം കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ 2023 ജനുവരി 11ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപവത്കരിച്ച അപ്പീല്‍ കമ്മിറ്റി സെലക്ഷന്‍ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉള്‍പ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്. 43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞിരുന്നു. ട്രൈബ്യുണല്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയില്‍ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്നും വ്യക്തമാക്കിയിരുന്നു.

Top