സിനിമാ ടിക്കറ്റിന് 10ശതമാനം വിനോദ നികുതി ; സ്‌റ്റേ ചെയ്ത്‌ ഹൈക്കോടതി

കൊച്ചി:സിനിമാ ടിക്കറ്റ് നിരക്കിനൊപ്പം വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ജുലൈ മൂന്നുവരെ വിനോദനികുതി ഈടാക്കരുതെന്ന്‌ ഹൈക്കോടതി നിര്‍ദേശിച്ചു.ടിക്കറ്റ് നിരക്കിനൊപ്പം 10 ശതമാനം വിനോദ നികുതി ഈടാക്കാനുള്ള നിര്‍ദേശം കഴിഞ്ഞ ബജറ്റില്‍ മന്ത്രി തോമസ് ഐസക്കാണ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് വിനോദ നികുതിക്ക് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്.

ജിഎസ്ടിക്ക് പുറമെയുള്ള ഇരട്ടനികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്നും അധികനികുതി ഈടാക്കുന്നത്‌ സിനിമാമേഖലയെ തകര്‍ക്കുമെന്നുമാണ് സിനിമാ സംഘടനകളുടെ വാദം. സിനിമ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിയ്ക്കു മേല്‍ വീണ്ടും 10% വിനോദ നികുതി കൂടി ചുമത്തുന്നതായിരുന്നു മന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം.

സിനിമ ടിക്കറ്റിനുമേല്‍ ഈടാക്കിയിരുന്ന ജിഎസ്ടി 28ല്‍ നിന്നും 18 ശതമാനമായി കുറച്ചിരുന്നു. ഈ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നഷ്ടത്തിന്റെ തോത് കുറയ്ക്കുന്നതിന് വേണ്ടിയാണ് വീണ്ടും പത്ത് ശതമാനം വിനോദ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 12ശതമാനം, 100 രൂപയ്ക്ക് മുകളില്‍ 18ശതമാനം എന്നിങ്ങനെയാണ് നിലവിലുള്ള നികുതി. 10ശതമാനം അധിക വിനോദ നികുതിയും 1ശതമാനം പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകള്‍ക്കു വില വീണ്ടും 11 ശതമാനം വര്‍ധിക്കും.

സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. നിലവില്‍ സിനിമ വ്യവസായം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ അധിക നികുതി കൂടി വന്നാല്‍ തിയറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം വീണ്ടും കുറയുമെന്നും വ്യവസായം തകരുമെന്നും പ്രതിനിധികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

സിനിമ ടിക്കറ്റിനു മാത്രമാണ് ഇരട്ട നികുതിയെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യം പരിഗണിക്കാം എന്നറിയിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തില്‍ എത്താതിരുന്നതോടെയാണ് സിനിമാ സംഘടനകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Top