കെ എം ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം: പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. സിബിഐ അടക്കമുള്ള എതിർകക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി ഓണാവധി കഴിഞ്ഞ് കോടതി പരിഗണിക്കും.

ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ അബ്ദു റഹ്മാൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ശ്രീറാം വെങ്കിട്ടരാമൻ ഉന്നതതലത്തിൽ ബന്ധമുള്ള ഐഎഎസ് ഓഫീസർ ആയതിനാൽ പൊലീസിന്റെ സഹായമുണ്ടെന്നും അന്വേഷണം വഴിതിരിച്ചുവിട്ടേക്കുമെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്.

അപകട ദിവസം ബഷീറിന്റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. ഫോണിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകൾ ഉള്ളതായി സംശയിക്കുന്നുവെന്നും ഹർജിയിലുണ്ട്. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ദുരൂഹമാണ്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.

പ്രോസിക്യൂഷൻ പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. നിലവിലെ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണ്. ഈ റിപ്പോർട്ട് അനുസരിച്ച് പ്രതിക്കെതിരെ യാതൊരു നടപടിക്കും സാധ്യതയില്ല. അതുകൊണ്ടുതന്നെ കേസ് സിബിഐ അന്വേഷിക്കണം. ബഷീറിന്റെ മരണത്തിൽ ചില ദുരൂഹതകളുണ്ട്. എല്ലാ സംശയങ്ങളും നീങ്ങുന്നതിന് സിബിഐ അന്വേഷണം വേണമെന്നും ബഷീറിന്റെ സഹോദരൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.

Top