കുസാറ്റ് ദുരന്തം: ‘പൊലീസ് അന്വേഷണം തുടരുന്നതല്ലേ നല്ലത് ‘; ഹൈക്കോടതി

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ നിലവിലുള്ള പോലീസ് അന്വേഷണം തുടരുന്നതല്ലെ നല്ലതെന്ന് ഹൈക്കോടതി. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചപ്പോഴാണ് പരാമര്‍ശം. പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പ്രതികളെ അറസ്റ്റ് ചെയ്‌തോ എന്നും കോടതി സര്‍ക്കാറിനോട് ആരാഞ്ഞു. അതേസമയം ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണെന്ന് മുന്‍ പ്രിന്‍സിപ്പാള്‍ ദിപക് കുമാര്‍ സാഹു ഹൈക്കോടതിയെ അറിയിച്ചു. ടെക് ഫെസ്റ്റിന് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് റജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നതായും എന്നാല്‍ ഇത് അവഗണിക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കി. താന്‍ അടക്കം മൂന്ന് അധ്യാപകരെ ബലിയാടാക്കി റജിസ്ട്രാറെ സംരക്ഷിക്കാനാണ് ശ്രമമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അധ്യാപകരുടെ ഭാഗത്ത് നിന്ന് അശ്രദ്ധ ഉണ്ടായെന്ന് സര്‍ക്കാര്‍ കോടതിയെ അറയിച്ചു.

ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്നായിരുന്നു പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ആയിരം പേര്‍ക്ക് പങ്കെടുക്കാനാകുന്ന ഓഡിറ്റോറിയത്തില്‍ നാലായിരം പേരാണ് എത്തിയത്. സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തി.

പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുന്‍കൂട്ടി കാണാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ല. ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിര്‍മ്മാണത്തിലെ അപാകതയും അപകടത്തിന് കാരണമായതായി തൃക്കാക്കര അസി. കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്‍കിയ ഹര്‍ജിയിലാണ്, പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹര്‍ജി നല്‍കിയത്. പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പാള്‍ നല്‍കിയ കത്ത് രജിസ്ട്രാര്‍ അവഗണിച്ചതാണ് ദുരന്തത്തിന്റെ കാരണമെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. സര്‍വകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ റജിസ്ട്രാര്‍ അവഗണിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.

Top