‘സമന്‍സിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല’;ഹൈക്കോടതി

കൊച്ചി: കിഫ്ബിക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. കിഫ്ബി സമന്‍സ് അനുസരിക്കാത്തത് എന്തുകൊണ്ടാണെന്നും സമന്‍സിന് മറുപടി കൊടുക്കൂ എന്നും ഹൈക്കോടതി പറഞ്ഞു. സമന്‍സ് കിട്ടിയാല്‍ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ആവര്‍ത്തിച്ച് ഇ.ഡി. തങ്ങളോട് ഒരേ കാര്യം ആവശ്യപ്പെടു നേരത്തെ നല്‍കിയ രേഖകള്‍ വീണ്ടും നല്‍കാനാണ് ആവശ്യപ്പെടുന്നതെന്നും കിഫ്ബി കോടതിയെ അറിയിച്ചിരുന്നു. തങ്ങളെ ബുദ്ധിമുട്ടിക്കാനും ഉദ്യോഗസ്ഥരെ ഉപദ്രവിക്കാനും വേണ്ടിയുള്ള നീക്കമാണ് ഇ.ഡി. നടത്തുന്നതെന്നും കിഫ്ബി ആരോപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി ഇതിനോട് യോജിച്ചില്ല. സമന്‍സിനോട് പ്രതികരിക്കൂ എന്നായിരുന്നു ഹൈക്കോടതി കിഫ്ബിയോട് പറഞ്ഞത്.

സമന്‍സ് കിട്ടിയാല്‍ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. നേരത്തെ തന്നെ കിഫ്ബിയുടെ ഹര്‍ജിയില്‍ ഉചിതമായ ഒരു തീരുമാനം എടുത്തിട്ടുള്ളതാണ്. അന്വേഷണം തടയാന്‍ കഴിയില്ല. അന്വേഷണത്തിനായി നിങ്ങളോട് ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. നേരത്തെ നല്‍കിയ രേഖകളാണ് വീണ്ടും ചോദിച്ചതെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി ഇ.ഡിയ്ക്ക് മറുപടി നല്‍കൂ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

ഫെമ ലംഘനമാണ് പരിശോധിക്കുന്നത്. ഇതുവരെ ഫെമ ലംഘനം കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അറസ്റ്റോ മറ്റുനടപടികളോ ഭയക്കേണ്ടതില്ല. ഇതൊരു സിവില്‍ പ്രൊസീജ്യറാണ്. കള്ളപ്പണ ഇടപാട് പോലെയല്ല. ഏതെങ്കിലും തരത്തില്‍ ഫെമ ലംഘനമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. കേസ് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.

Top