നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി; പീഡന പരാതിയിൽ ഹർജി തള്ളി; വിചാരണ തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ഹർജി തള്ളി ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. കേസിൽ വിചാരണ തുടരാമെന്ന് കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഒത്തുതീർപ്പിന് തയ്യാറല്ലെന്നു പരാതിക്കാരി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയത്.

ഉണ്ണി മുകുന്ദന്റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരിയെയും രണ്ട് സാക്ഷികളെയും കോടതി വിസ്തരിച്ചു.

യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിട്ടുണ്ട്. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്റെ പരാതി. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്.

Top