ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ നിന്ന് വോളിബോള്‍ ഒഴിവാക്കിയതെന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: ഗോവയില്‍ നടക്കുന്ന 37 -ാമത് ദേശീയ ഗെയിംസില്‍ നിന്ന് വോളിബോള്‍ ഒഴിവാക്കിയതെന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി. താരങ്ങളും പരിശീലകരും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. വിഷയത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് നാളെ തന്നെ ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും എതിര്‍കക്ഷികള്‍ക്ക് ഇ മെയില്‍ വഴി നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ഈ നടപടി വിവേചനപരവും താരങ്ങളുടെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.ആനന്ദ്, അല്‍ന രാജ് റോലി പഥക് അടക്കമുള്ള താരങ്ങളാണ് കോടതിയെ സമീപിച്ചത്. അടുത്തിടെ സമാപിച്ച ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വോളിയില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മൂന്ന് തവണ സ്വര്‍ണം നേടിയ ദക്ഷിണ കൊറിയയെയും ഉയര്‍ന്ന റാങ്കുള്ള ചൈനീസ് തായ്‌പേയിയെയും ഇന്ത്യന്‍ ടീം അട്ടിമറിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ആറാമതാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. എന്നിട്ടും ഫെഡറേഷനിലെ അധികാര വടംവലിയെത്തുടര്‍ന്ന് ദേശീയ ഗെയിംസില്‍ വോളിബോള്‍ മത്സര ഇനമാക്കാതിരുന്നത് കായിക പ്രേമികളെ അമ്പരപ്പിച്ചിരുന്നു.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, കേന്ദ്ര സര്‍ക്കാര്‍, അഡ്‌ഹോക് കമ്മിറ്റി, വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സംസ്ഥാന സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. വോളിബോള്‍ ഫെഡറേഷനിലെ അധികാര തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രാലയം നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റിയ്ക്ക് ടീമുകളെ തെരഞ്ഞെടുക്കാന്‍ സമയം ലഭിച്ചില്ലെന്ന് ചൂണ്ടാകാട്ടിയാണ് വോളിബോള്‍ ഒഴിവാക്കിയത്.

 

Top