കായലുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടുന്നു

High court

കൊച്ചി: അഷ്ടമുടി കായല്‍, ശാസ്താംകോട്ട കായല്‍, വേമ്പനാട്ടു കായല്‍ എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഹൈക്കോടതി ഇടപെടുന്നു.

തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനായി സെന്‍ട്രല്‍ വെറ്റ്‌ലാന്റ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സ്വമേധയാ പൊതുതാല്‍പര്യ ഹര്‍ജിയായി സ്വീകരിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇടപെടല്‍.

1971ലെ റാംസര്‍ കണ്‍വെന്‍ഷനില്‍ രേഖപ്പെടുത്തിയ 26 തണ്ണീര്‍ത്തടങ്ങളാണ് സംരക്ഷണത്തിനുള്ള പട്ടികയില്‍ വരുന്നത്.

ഇതില്‍ കേരളത്തില്‍ നിന്ന് അഷ്ടമുടി കായല്‍, ശാസ്താംകോട്ട കായല്‍, വേമ്പനാട്ടു കായല്‍ എന്നിവയാണുള്ളത്.

തണ്ണീര്‍ത്തടങ്ങള്‍ അപ്രത്യക്ഷമാവാന്‍ വരെ സാധ്യതയുണ്ടെന്ന് കേസ് പരിഗണിച്ചപ്പോള്‍ സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു.

തണ്ണീര്‍തട സംരക്ഷണത്തിനായി ചെലവഴിച്ചത് 945.95 കോടി രൂപയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പക്ഷെ സംരക്ഷണത്തിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതിന് പകരം പൊതുവായ ചില പ്രവര്‍ത്തനങ്ങളാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു.

റാംസര്‍ കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുന്ന തണ്ണീര്‍തടങ്ങള്‍ അന്താരാഷ്ട്ര പൈതൃകവുമായി ബന്ധപ്പെട്ടതാണെന്നും സംരക്ഷണത്തില്‍ പ്രത്യക്ഷമായ പുരോഗതിയുണ്ടാവുന്നതു വരെ ഹൈക്കോടതിയുടെ നിരീക്ഷണത്തിലായിരിക്കണം പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി കേസില്‍ ഇടപടുന്നത്.

Top