ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കുന്നതു മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി

കൊച്ചി: കോളജ് ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതു വിദ്യാര്‍ഥികളുടെ മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. പെണ്‍കുട്ടികളോട് ഇക്കാര്യത്തില്‍ വിവേചനം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതിയുടെ 2016ലെ പ്രഖ്യാപനം അനുസരിച്ചും ഇന്റര്‍നെറ്റ് മൗലികാവകാശമാണ്. ഇത് ഇന്ത്യയ്ക്കും ബാധകമാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹോസ്റ്റലിലെ അന്തേവാസികള്‍ പ്രായപൂര്‍ത്തിയായവരാണെന്നു കോളജ് അധികൃതരും രക്ഷിതാക്കളും മനസ്സിലാക്കണം. എങ്ങനെ പഠിക്കണം, എപ്പോള്‍ പഠിക്കണം എന്നൊക്കെ വിദ്യാര്‍ഥികളാണു തീരുമാനിക്കേണ്ടത്.

പെണ്‍കുട്ടികള്‍ക്കു കോളജ് ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ കോഴിക്കോട് ചേളന്നൂര്‍ എസ്എന്‍ കോളജിലെ ബിഎ വിദ്യാര്‍ഥിനി ഫഹീമ ഷിറിന്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് പി.വി.ആശയുടെ ഉത്തരവ്.

വൈകിട്ട് ആറു മുതല്‍ 10 വരെ പെണ്‍കുട്ടികള്‍ക്കു ഫോണ്‍ ഉപയോഗിക്കാന്‍ വിലക്കിയതില്‍ പ്രതിഷേധിച്ചതിനു ഹോസ്റ്റലില്‍നിന്നു പുറത്താക്കിയ സാഹചര്യത്തിലാണു ഹര്‍ജി നല്‍കിയത്.

Top