പ്ലസ് വണ്‍ അപേക്ഷ നല്‍കാനുള്ള അവസാനതീയതി ഹൈക്കോടതി വീണ്ടും നീട്ടി

കൊച്ചി: ഒരുവിദ്യാര്‍ഥിക്കും പഠനാവസരം നിഷേധിക്കപ്പെട്ടുകൂടെന്ന കോടതി വിലയിരുത്തലിനെ തുടര്‍ന്ന് പ്ലസ് വണ്‍ അപേക്ഷ നല്‍കാനുള്ള അവസാനതീയതി ഹൈക്കോടതി വീണ്ടും നീട്ടി.

സി.ബി.എസ്.ഇ. പത്താംക്ലാസ് ഫലപ്രഖ്യാപനദിവസമുള്‍പ്പെടെ മൂന്നു പ്രവൃത്തിദിവസം അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഫലം ജൂണ്‍ രണ്ടാമത്തെയാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കാനാവുമെന്ന് സി.ബി.എസ്.ഇ. ബോധിപ്പിച്ചു.

സി.ബി.എസ്.ഇ. പത്താംക്ലാസിന്റെ മാര്‍ക്ക് ലഭിച്ചയുടന്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള അവസരം അധികൃതര്‍ ഉറപ്പാക്കണം. അപേക്ഷിക്കാന്‍ സാവകാശവും അവസരവുമുണ്ടെന്ന് ആവര്‍ത്തിച്ച് അറിയിപ്പുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

സി.ബി.എസ്.ഇ.യിലെ പത്താംക്ലാസുകാര്‍ക്കുകൂടി അപേക്ഷിക്കാന്‍ സമയം നീട്ടിനല്‍കിയ സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഈ കോടതി ഉത്തരവ്.

Top