സുപ്രീം കോടതിയിൽ സിറോ മലബാർ ഭൂമിയിടപാട് കേസിന്റെ വാദം നാളെയും തുടരും

ദില്ലി: സിറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ മാർ ആലേഞ്ചരിക്കെതിരെ ഗൂഢാലോചന നടന്നെന്ന് വാദം. കർദ്ദിനാളിന്റെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര ആണ് സുപ്രീം കോടതിയിൽ ഇക്കാര്യം പറഞ്ഞത്. സഭയ്ക്കുള്ളിൽ ആലഞ്ചേരിക്കെതിരെ ഗൂഢാലോചന നടന്നു. വരുമാനം വീതം വെക്കുന്നതിലും സ്വത്തുക്കൾ സംരക്ഷിക്കുന്നതിലും ആലഞ്ചേരി നിലപാട് എടുത്തു. ഇത് പലരുടെയും ശത്രുതയ്ക്ക് വഴിവെച്ചു. ഇതാണ് പരാതിക്ക് കാരണമെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

മാത്രമല്ല ഒരേ കാര്യത്തിൽ പല കോടതികളിൽ പരാതിക്കാർ കേസ് നൽകി. ആദ്യഘട്ടത്തിൽ കേസുകൾ തള്ളിയിരുന്നു. പിന്നീട് മരട് കോടതിയിലും, കാക്കനാട് കോടതിയിലും പരാതി എത്തി. ഇങ്ങനെ പല കോടതിയിൽ പരാതികൾ നിലനിൽക്കെ ഒരു കോടതിയിൽ നിന്ന് ഉത്തരവിലാണ് ഹൈക്കോടതിയുടെയും നടപടി. സിവിൽ കേസിന്റെ പരിധിയിൽ വരുന്ന പരാതിയാണ് ക്രിമിനൽ കേസായി കണക്കാക്കിയതെന്നും അഭിഭാഷകൻ വാദിച്ചു. സഭയുടെ സ്വത്തുക്കളുടെ അവകാശി കനോൺ നിയമപ്രകാരം കർദ്ദിനാളാണ്. അതിനാൽ ഭൂമിയടക്കം ക്രിയവിക്രയങ്ങളുടെ അധികാരമുണ്ടെന്നും ബത്തേരി അതിരൂപതയ്ക്കായി ഹാജരായ അഭിഭാഷകൻ വാദിച്ചു.

കേസിൽ നാളെയും വാദം തുടരും. ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നല്‍കിയ ഹര്‍ജി ഉള്‍പ്പെടെയാണ് കോടതിക്ക് മുന്നിലുള്ളത്. നാളെ എതിർകക്ഷികളുടെയും സംസ്ഥാനത്തിന്റെയും വാദം നടക്കും. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം.

റോമന്‍ കത്തോലിക്കാ പള്ളികള്‍ക്ക് ബാധകമായ കാനോന്‍ നിയമപ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരവും കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഭൂമി വാങ്ങാനും വില്‍ക്കാനും തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ റോമി ചാക്കോയും സംസ്ഥാനത്തിനായി വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കർ, ആലിം അൻവർ എന്നിവർ ഹാജരായി. കേസിലെ മറ്റൊരു കക്ഷിയായ സാജുവിന് വേണ്ടി അഭിഭാഷകരായ കുര്യോക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവർ ഹാജരായി. എതിര്‍ കക്ഷികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരി, ജയന്ത് മുത്തുരാജ്, അഭിഭാഷകരായ പി.എസ്. സുധീര്‍, രാകേന്ദ് ബസന്ത് എന്നിവര്‍ ഹാജരായി.

Top