മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് കൂടുതല്‍ പരിഗണിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം: വീണ ജോര്‍ജ്

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ സ്‌നേഹവിരുന്നിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മാനസിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്കായി ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്നവരെ നല്ല മാനസികാരോഗ്യം ഉള്ളവരായി മാറ്റുന്നതിനൊപ്പം തന്നെ പ്രധാനമാണ് ഇവരുടെ പുനരധിവാസവും.

ചികിത്സ പൂര്‍ത്തിയായാലും വീട്ടുകാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധരാവാത്ത വ്യക്തികളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ വാര്‍ഡ്, സെല്‍ പോലെയുള്ള സമ്പ്രദായങ്ങള്‍ മാറ്റി ബിഹേവിയറല്‍ ഐസിയു പോലുള്ള ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Top