ആലപ്പുഴയിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

പത്തനംതിട്ട: ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ പടിഞ്ഞാറെ വെൺപാല സ്വദേശി രാജൻ മരിച്ചെന്ന ആരോപണത്തിൽ റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി വീണ ജോർജ്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിക്കുള്ള വഴിമദ്ധ്യേ ഓക്സിജൻ കിട്ടാതെ മരിച്ചുവെന്നനാണ് ആരോപണം.

പത്തനംതിട്ട ജില്ല മെഡിക്കൽ ഓഫിസറോട് ആണ് മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടിയത്. അതിനിടെ മരിച്ച രാജന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പുളിക്കീഴ് പൊലീസ് രാജന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. അസ്വഭാവിക മരണത്തിന് കേസ് എടുത്തു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഓക്സിജൻ സിലൻഡറിൽ ഓക്സിജൻ ഇല്ലായിരുന്നു എന്നാണ് ആംബുലൻസിലുണ്ടായിരുന്ന മരിച്ച ആളുടെ സഹോദരന്റെ മകൾ പിങ്കി പറഞ്ഞത്. ഓക്സിജൻ ഇല്ലെന്നറിയിച്ചിട്ടും ആംബുലൻസ് ഡ്രൈവർ മിണ്ടിയില്ല. ശ്വാസം കിട്ടാതെ രോഗിയുടെ നില വഷളായതോടെ വഴിയിലുള്ള ഏതെങ്കിലും ആശുപത്രിയിൽ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് നിർത്താൻ ഡ്രൈവർ തയാറായില്ല. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട് മൂന്ന് കിലോ മീറ്റർ കഴിഞ്ഞപ്പോൾ തന്നെ രോഗിക്ക് ശ്വാസ തടസം ഉണ്ടായിരുന്നു. രോഗി തന്നെ ഇക്കാര്യം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ രോഗി മരിച്ചുവെന്നും വെന്‍റിലേറ്ററിൽ പോലു പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ആലപ്പുഴയിൽ ഡോക്ടർ മാർ പറഞ്ഞുവെന്നും മരിച്ച ആളുടെ ബന്ധു പിങ്കി പറഞ്ഞു.

എന്നാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ രാജനെ എത്തിച്ചപ്പോൾ ജീവൻ ഉണ്ടായിരുന്നു എന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിക്കുന്നു. രാത്രി 1.10 ന് രാജനെ ആശുപത്രിയിൽ എത്തിച്ചു. 1.40 നാണ് രാജൻ മരിക്കുന്നത്. അതായത് ആശുപത്രിയിലെത്തിച്ചശേഷം 30 മിനിറ്റിനു ശേഷമാണ് മരണം . മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി എന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് പറഞ്ഞു

ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ആംബുലൻസിൽ ഓക്സിജൻ ഉണ്ടായിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ ബിജോയിയും പ്രതികരിച്ചിരുന്നു.

Top