ഷിഗല്ല നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്

വയനാട്: നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്ഥിരീകരിച്ച ഷിഗല്ല നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ആദിവാസി കോളനികളില്‍ ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് രോഗം പടരാന്‍ കാരണമായെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ജലലഭ്യത ഉറപ്പാക്കി ഭാവിയില്‍ രോഗം കോളനികളില്‍ പടരാതിരിക്കാന്‍ നൂല്‍പ്പുഴ പഞ്ചായത്തും നടപടികള്‍ തുടങ്ങി. ജില്ലയില്‍ രോഗലക്ഷണമുള്ളവര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം ഷിഗല്ല രോഗം ബാധിച്ച് എട്ടുവയസുകാരി മരിച്ചിരുന്നു. ശുദ്ധ ജലത്തിന്റെ കുറവ് പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന് സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട് നൂല്‍പ്പുഴയില്‍ ആശങ്ക അവസാനിച്ചെങ്കിലും ജില്ലയിലെ മറ്റിടങ്ങളില്‍ രോഗമുണ്ടോയെന്ന് സംശയം ആരോഗ്യവകുപ്പിനുണ്ട്. ഇതുകൊണ്ട് ജില്ലയിലുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. വയറിളക്കവും ഛര്‍ദ്ദിയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടാന്‍ സ്വയ ചികിത്സയ്ക്ക് മുതിരാതെ തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്നാണ് മുന്നറിയിപ്പ്.

 

Top