ഹെഡര്‍ ഗോള്‍ ആഴ്‌സണലിനെ പ്രീമിയര്‍ ലീഗ് ടേബിളില്‍ ഒന്നാമത്

ലണ്ടന്‍: കെയ് ഹാവെര്‍ട്സിന്റെ 86-ാം മിനിറ്റിലെ ഹെഡര്‍ ഗോള്‍ ആഴ്‌സണലിനെ പ്രീമിയര്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു. അവസാന നിമിഷം ബ്രെന്റ്‌ഫോഡ് എഫ് സിയുടെ പ്രതിരോധം തകര്‍ത്തതോടെ ആഴ്‌സണലിന് തുടര്‍ച്ചയായ എട്ടാം പ്രീമിയര്‍ ലീഗ് വിജയം സ്വന്തമായി. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസിന്റെ ഗോളിലൂടെ ഗണ്ണേഴ്‌സ് സംഘം മുന്നിലെത്തി.

മറ്റു മത്സരങ്ങളില്‍ ഫുള്‍ഹാമിനെ വോള്‍വ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഷെഫീല്‍ഡ് യുണൈറ്റഡും ബേണ്‍മൗത്തും തമ്മിലുള്ള മത്സരം സമനിലയായി. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ക്രിസ്റ്റല്‍ പാലസ് ലൂട്ടണ്‍ ടൗണ്‍ മത്സരവും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ യോനെ വിസ്സ ബ്രെന്റ്‌ഫോഡിനെ ഒപ്പമെത്തിച്ചു. മത്സരത്തിന്റെ 72 ശതമാനവും പന്തിനെ നിയന്ത്രിച്ചത് ആഴ്‌സണലാണ്. പക്ഷേ ബ്രെന്റ്‌ഫോര്‍ഡ് പ്രതിരോധം തകര്‍ക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു. പ്രീമിയര്‍ ലീഗ് ടേബിളില്‍ ആഴ്‌സണലിന് 28 മത്സരങ്ങളില്‍ നിന്ന് 64 പോയിന്റുണ്ട്. 27 മത്സരങ്ങളില്‍ നിന്ന് 63 പോയിന്റോടെ ലിവര്‍പൂളും 62 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

Top