അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുനല്‍കിയാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി

ദില്ലി: ഗാസിയാബാദ് വീഡിയോ കേസില്‍ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരി കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. ‘താനൊരു ജീവനക്കാരന്‍ മാത്രമാണ്, ആളുകള്‍ ഷെയര്‍ ചെറുത്ത വീഡിയോയില്‍ തനിക്ക് നിയന്ത്രണമില്ല മനീഷ് കോടതിയെ അറിയിച്ചു. കേസ് നാളെ വൈകുന്നേരത്തേക്ക് പരിഗണിക്കാന്‍ മാറ്റി. കേസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനെതിരെ മനീഷ് മഹേശ്വരി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് നടപടികള്‍. നേരത്തെ മനീഷ് മഹേശ്വരിയെ അറസ്റ്റ് ചെയ്യുന്നത് നേരത്തെ കോടതി തടഞ്ഞിരുന്നു.

ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യുപി പൊലീസ് അയച്ച നോട്ടീസിനെതിരെ മനീഷ് മഹേശ്വരി സമര്‍പ്പിച്ച ഹരജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കര്‍ണാടക കോടതി. ഉത്തര്‍പ്രദേശിലെ ലോണിയില്‍ മുസ്ലിം വയോധികനുനേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന്റെ വിഡിയോ ട്വിറ്ററില്‍ വൈറലായതിനു പിറകെയായിരുന്നു യുപി പൊലീസ് നോട്ടീസ് നല്‍കിയത്.

മനീഷ് മഹേശ്വരിക്കു വേണ്ടി സിവി നാഗേഷ് ആണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹാജരായത്. എന്നാല്‍, താനാണ് ട്വിറ്റര്‍ ഇന്ത്യയുടെ തലവനെന്ന് മനീഷ് തന്നെ വ്യക്തമാക്കിയതാണെന്നും ഇതിനാലാണ് ഐടി നിയമത്തിലെ 41എ വകുപ്പുപ്രകാരം അദ്ദേഹത്തിന് നോട്ടീസ് നല്‍കിയതെന്നും യുപി പൊലീസ് വാദിച്ചു. തങ്ങള്‍ ആരെയും വേട്ടയാടുകയല്ലെന്നും ഇന്ത്യയിലെ കമ്പനി മേധാവി ആരാണെന്നു വ്യക്തമാക്കണെന്ന് മനീഷ് മഹേശ്വരിയോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

 

 

 

Top