പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍

ഡൽഹി: ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സന്ദർശനം. കേന്ദ്രമന്ത്രി വി മുരളീധരൻ ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് സഭയുടെ പിന്തുണ അറിയിച്ചു.

പ്രധാനമന്ത്രിയുമായി സൗഹൃദ കൂടിക്കാഴ്ചയാണെന്ന് സഭാധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു. സഭ ആസ്ഥാനം സന്ദർശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും സഭാ അധ്യക്ഷൻ വ്യക്തമാക്കി.

‘വികസനത്തിനായി കേന്ദ്രസർക്കാർ നടത്തുന്ന പരിപാടികളെ ഞങ്ങൾ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം, ക്രിസ്ത്യൻ സഭകൾക്കെതിരെ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകുന്ന ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങളുണ്ട്. തീർച്ചയായും പരാതികൾ ഉണ്ടാകും, അവ പ്രകടിപ്പിക്കുന്നത് തുടരും. പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമായി ഒരു ചർച്ചയുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- അദ്ദേഹം പറഞ്ഞു.

Top