ഫെയ്‌സ്ബുക്ക് പോളിസി മേധാവി പാര്‍ലമെന്ററി സമിതിയ്ക്ക് മുന്നില്‍ ഹാജരായി

ഡല്‍ഹി: ഫെയ്സ്ബുക്ക് പോളിസി മേധാവി പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരായി. രണ്ട് മണിക്കൂര്‍ നേരം പാനല്‍ അംഖിദാസിനോട് സംസാരിച്ചു. ബിജെപിയ്ക്ക് അനുകൂലമായി പക്ഷപാതിത്വം കാണിക്കാന്‍ ഫെയ്സ്ബുക്കില്‍ ഇടപെടല്‍ നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് അംഖിദാസ്. എന്നാല്‍ വിവര സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളാണ് പാനല്‍ ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പ്, വ്യവസായം, പരസ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പാനല്‍ ഫെയ്സ്ബുക്കിനോട് പറഞ്ഞു. വിവര സംരക്ഷണത്തിനായി ഫെയ്സ്ബുക്കിന്റെ വരുമാനത്തിന്റെ എത്രശതമാനം ചിലവഴിക്കുന്നുവെന്നും പാനല്‍ അംഗങ്ങള്‍ ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ 30 കോടി ഉപയോക്താക്കളുള്ള ഫെയ്സ്ബുക്കിന് എത്ര വരുമാനം ലഭിക്കുന്നുണ്ടെന്നും അതില്‍ എത്ര നികുതിയായി നല്‍കുന്നുണ്ടെന്നുമുള്ള ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടുവെന്നാണ് വിവരം.

വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്ലിന് വേണ്ടിയുള്ള ജോയിന്റ് കമ്മറ്റി അംഗങ്ങളുമായി ഡാറ്റാ നിയന്ത്രണ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലഭിച്ച അവസരത്തില്‍ നന്ദിയുണ്ട്. ഇന്ത്യയുടെ ഡാറ്റാ പരിരക്ഷണ നിയമത്തിന് രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെയും ആഗോള ഡിജിറ്റല്‍ വ്യാപാരത്തെയും മുന്നോട്ട് നയിക്കാനുള്ള കഴിവുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ഈ ശ്രമത്തെ ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നുവെന്നും ഫെയ്സ്ബുക്ക് വക്താവ് പറഞ്ഞു.

ഡാറ്റാ സംരക്ഷ നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്കയുന്നയിച്ച പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക്, ട്വിറ്റര്‍ ആമസോണ്‍ പോലുള്ള കമ്പനികളോട് സര്‍ക്കാര്‍ അഭിപ്രായമാരായുന്നത്. ഒക്ടോബര്‍ 28 ന് ട്വിറ്ററും ആമസോണും കമ്മറ്റിയ്ക്ക് മുന്നില്‍ ഹാജരാവും.

Top