തോമസ് ചാണ്ടിക്കെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ബെഞ്ച് പിന്മാറി

thomas-chandy

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ബെഞ്ച് പിന്മാറി.

ഇനി കേസ് പരിഗണിക്കുന്നത് മറ്റൊരു ബെഞ്ചായിരിക്കും.

ചീഫ് ജസ്റ്റിസായിരുന്ന നവനിതി പ്രസാദ് സിംഗ് വിരമിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് കേരളാ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ആന്റണി ഡൊമനിക് ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ചുമതലയേറ്റത്.

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ടൂറിസം കമ്പനി മാര്‍ത്താണ്ഡം കായല്‍ കൈയേറിയ കേസാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

ഈ കേസില്‍ ഇടക്കാല വിധി പറഞ്ഞ ഹൈക്കോടതി ബെഞ്ച് കമ്പനി, കായല്‍ കൈയേറ്റം നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കായല്‍ കയ്യേറിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

സ്റ്റോപ് മെമ്മോയിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കോടതി പറഞ്ഞിരുന്നു. കായല്‍ കൈയേറുന്നതിന്റെ ഭാഗമായി, ഇവിടെ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

കേസ് പിന്നീട് വിശദമായി പരിശോധിക്കാമെന്നും ഇടക്കാല ഉത്തരവ് നല്‍കിക്കൊണ്ട് ഹൈക്കോടതി അറിയിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനല്‍ നിന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്‍മാറിയത്.

Top