ജര്‍മന്‍ ഫുട്ബോളിന്റെ കഷ്ടകാലം തീരുന്നില്ല; വീണ്ടും തോറ്റ് മുന്‍ ലോകചാമ്പ്യന്മാര്‍

ബെര്‍ലിന്‍: ജര്‍മന്‍ ഫുട്ബോളിന്റെ കഷ്ടകാലം തീരുന്നില്ല. തുടര്‍ച്ചയായ രണ്ടാം സൗഹൃദമത്സരത്തിലും മുന്‍ ലോകചാമ്പ്യന്മാര്‍ പരാജയപ്പെട്ടു. കൊളംബിയയാണ് ജര്‍മനിയെ തകര്‍ത്തത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ തോല്‍വി.

സ്വന്തം മൈതാനത്തുവെച്ച് നടന്ന മത്സരത്തില്‍ ജര്‍മനിക്ക് ഫോം കണ്ടെത്താനായില്ല. 54-ാം മിനിറ്റില്‍ ലിവര്‍പൂള്‍ സൂപ്പര്‍ താരം ലൂയിസ് ഡയസ്സും 82-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജുവാന്‍ ക്വാഡ്രാഡോയും കൊളംബിയയ്ക്ക് വേണ്ടി ലക്ഷ്യംകണ്ടു. കൈ ഹാവെര്‍ട്സ്, ഇല്‍കൈ ഗുണ്ടോഗന്‍, ലിറോയ് സനെ, ഗോറെട്സ്‌ക, മുസിയാല, റൂഡിഗര്‍, ടെര്‍ സ്റ്റേഗന്‍ തുടങ്ങിയ സൂപ്പര്‍ താരനിരയിറങ്ങിയിട്ടും ജര്‍മനിക്ക് വിജയം നേടാനായില്ല.

ഇതിന് മുന്‍പ് നടന്ന സൗഹൃദ മത്സരത്തില്‍ പോളണ്ട് എതിരില്ലാത്ത ഒരു ഗോളിന് ജര്‍മനിയെ പരാജയപ്പെടുത്തിയിരുന്നു. ജൂണ്‍ 12-ന് നടന്ന യുക്രൈനിനെതിരായ മത്സരത്തില്‍ ജര്‍മനി 3-3 എന്ന സ്‌കോറില്‍ സമനില വഴങ്ങി. ജര്‍മന്‍ പരിശീലകന്‍ ഹാന്‍സി ഫ്ളിക്കിന് വലിയ തിരിച്ചടിയാണ് സമീപ കാലത്തെ മത്സരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഡിസംബറില്‍ അവസാനിച്ച ഖത്തര്‍ ലോകകപ്പിന് ശേഷം നടന്ന അഞ്ചുമത്സരങ്ങളില്‍ കേവലം ഒന്നില്‍ മാത്രമാണ് ജര്‍മനിക്ക് വിജയിക്കാനായത്.

Top