ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് വീണ് എയര്‍പോര്‍ട്ടില്‍ നിര്‍മ്മാണത്തിലിരുന്ന ഹാംഗര്‍

ഇദാഹോ: ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് വീണ് എയര്‍പോര്‍ട്ടില്‍ നിര്‍മ്മാണത്തിലിരുന്ന ഹാംഗര്‍. മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഒന്‍പത് പേര്‍ക്ക് ഗുരുതര പരിക്ക്. അമേരിക്കയിലെ ഇദാഹോയിലെ ബോയിസ് വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രിയാണ് ഹാംഗര്‍ തകര്‍ന്ന് വീണത്. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. സ്റ്റീല്‍ നിര്‍മ്മിതമായ ഹാംഗറിന്റെ വലിയ തൂണുകള്‍ക്ക് അടിയില്‍ കുടുങ്ങിയവരാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.

8.1 മില്യണ്‍ ഡോളര്‍ ചെലവിലാണ് ഹാംഗര്‍ നിര്‍മ്മാണം പുരോഗമിച്ചിരുന്നത്. നിരവധിപ്പേര്‍ ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് ഹാംഗര്‍ തകര്‍ന്നത്.ഹാംഗറിനൊപ്പമുണ്ടായിരുന്ന ക്രെയിന്‍ കൂടി തകര്‍ന്നതോടെ ഭാരിച്ച ഇരുമ്പ് ഭാഗങ്ങള്‍ പൊക്കി മാറ്റി അടിയിലുള്ളവരെ രക്ഷിക്കാന്‍ വെല്ലുവിളിയായിരുന്നു. പ്രാദേശിക സമയം വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയുടെ ഹാംഗറാണ് തകര്‍ന്നത്. വിമാനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന സ്ഥാപനത്തിന് വേണ്ടിയായിരുന്നു ഹാംഗര്‍ നിര്‍മ്മിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം.

39000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഹാംഗറാണ് തകര്‍ന്ന് വീണത്. നിര്‍മ്മാണം നടന്നിരുന്നത് വിമാനത്താവളത്തിന്റെ ഭൂമിയിലാണെങ്കിലും ബോയിസ് വിമാനത്താവളമല്ല ഹാംഗറിന്റെ നിര്‍മ്മാണ ചുമതലയിലുള്ളതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. അപകടം നടക്കുന്ന സമയത്ത് രക്ഷാ പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലുണ്ടായിരുന്നതാണ് അപകടത്തിന്റെ തീവ്രത കുറച്ചതെന്നാണ് നിരീക്ഷണം. ഹാംഗര്‍ തകര്‍ന്നത് വിമാന സര്‍വ്വീസുകളെ ബാധിച്ചു. എന്നാല്‍ നിര്‍മ്മാണം തകര്‍ന്ന് തവിട് പൊടിയാകാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.

Top