ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ മരിച്ചത് 28,523 ഇന്ത്യന്‍ പൗരന്‍മാര്‍

ന്യൂഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ മരിച്ചത് 28,523 ഇന്ത്യന്‍ പൗരന്‍മാര്‍. വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ആണ് ലോക്‌സഭാ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മരണസംഖ്യ കുറയ്ക്കുന്നതിനായി അതത് രാജ്യങ്ങളില്‍ ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, ലേബര്‍ ക്യാമ്പുകളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുക തുടങ്ങിയവ ചെയ്യുന്നുണ്ടെന്നും വി കെ സിംഗ് ലോക്‌സഭയെ അറിയിച്ചു.

യു.എ.ഇ, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ കണക്കാണിത്. മരണസംഖ്യ ഏറ്റവും കൂടുതല്‍ സൗദി അറേബ്യയിലാണ്.

2014-18 വര്‍ഷത്തില്‍ 12,828 ഇന്ത്യക്കാരാണ് സൗദി അറേബ്യയില്‍ മരിച്ചത്. മരണസംഖ്യയില്‍ യു.എ.ഇയാണ് രണ്ടാം സ്ഥാനത്ത്. 7,877 പേര്‍. ബഹ്റിനിലാണ് ഏറ്റവും കുറവ്. ബഹ്റിനില്‍ 1,021 ഇന്ത്യക്കാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒമാന്‍ (2,564), കുവൈറ്റ് (2,932), ഖത്തര്‍ (1,301) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്ക്.

Top