ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി നിരോധനം; ഹര്‍ജി ഗുജറാത്ത് ഹൈകോടതി തള്ളി

ഗാന്ധിനഗര്‍: ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈകോടതി തള്ളി. തീര്‍ത്തും തെറ്റിദ്ധാരണജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ജസ്റ്റിസ് അനിരുദ്ധ പി. മായീ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. ബജ്‌റംഗ്ദള്‍ നേതാവ് ആണ് ഇത് സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

ദിവസത്തില്‍ വ്യത്യസ്ത സമയങ്ങളിലായി പരമാവധി 10 മിനിറ്റു മാത്രമാണ് ബാങ്കുവിളി നീണ്ടുനില്‍ക്കുന്നത്. പുലര്‍ച്ചെ ബാങ്കുവിളിക്കായി ലൗഡ് സ്പീക്കറിലൂടെ വരുന്ന മനുഷ്യശബ്ദം ജനങ്ങള്‍ക്ക് ഹാനികരമായവിധത്തില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. ഇത്തരം പൊതുതാല്‍പര്യ ഹരജികള്‍ പ്രോത്സാഹിപ്പിക്കില്ല എന്നും കോടതി നിരീക്ഷിച്ചു.

ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്നും കുട്ടികള്‍ക്കടക്കം ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നുവെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. ഇത് തള്ളിയ ബെഞ്ച്, ക്ഷേത്രങ്ങളില്‍ പൂജാസമയത്ത് വാദ്യോപകരണങ്ങളും മണിനാദവും മറ്റും പുറത്തുകേള്‍ക്കുന്നതിനെപ്പറ്റി എന്തു പറയുന്നുവെന്ന് ചോദിച്ചു. ശബ്ദമലിനീകരണം ശാസ്ത്രീയമായി തെളിയിക്കേണ്ട ഒന്നാണ്. ബാങ്കുവിളി നിശ്ചിത ഡെസിബലില്‍ കൂടുന്നുവെന്നതിന് തെളിവുണ്ടോയെന്നും ഹരജിക്കാരന്റെ വാദങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Top