കോവിഡ് വാക്‌സിന്റെ ജിഎസ്ടി കുറച്ചേക്കില്ല

ന്യൂഡല്‍ഹി: മെയ് 28ന് ചേരുന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗത്തില്‍ കോവിഡ് പ്രതിരോധ വാക്സിന് നികുതിയിളവ് നല്‍കിയേക്കില്ല. മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ്, പള്‍സ് ഓക്സീമീറ്റര്‍, കോവിഡ് പരിശോധന കിറ്റ് എന്നിവയ്ക്ക് ഇളവു നല്‍കുന്ന കാര്യം പരിഗണിച്ചേക്കും. പിപിഇ കിറ്റ്, എന്‍95 മാസ്‌ക്, വെന്റിലേറ്റര്‍, ഹാന്‍ഡ് സാനിറ്റൈസര്‍, ആര്‍ടി-പിസിആര്‍ മെഷീന്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ ഇളവ് നല്‍കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നികുതി സ്ലാബിലെ മാറ്റങ്ങളെക്കുറിച്ച് ജിഎസ്ടി കൗണ്‍സിലിന് നിര്‍ദേശം നല്‍കുന്ന റേറ്റ് ഫിറ്റ്മെന്റ് പാനല്‍ കോവിഡുമായി ബന്ധപ്പെട്ട് നാല് ഇനങ്ങള്‍ക്കു മാത്രം നികുതിയിളവ് നല്‍കിയാല്‍ മതിയെന്നാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇതുപ്രകാരം വാക്സിന്‍ ഉള്‍പ്പടെ 10ലധികം ഉത്പന്നങ്ങളെ നികുതിയിളവിന് പരിഗണിച്ചേക്കില്ല.

മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍, ജനറേറ്ററുകള്‍, പള്‍സ് ഓക്സീമീറ്റര്‍, കോവിഡ് പരിശോധന കിറ്റ് എന്നിവയുടെ നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനാണ് സാധ്യത. പുതുക്കിയ നിരക്കുകള്‍ ജൂലായ് 31 വരെയായിരിക്കും ബാധകം. പരിശോധന കിറ്റുകള്‍ക്ക് ഓഗസ്റ്റ് 31 വരെയും നികുതിയിളവ് അനുവദിച്ചേക്കും.

 

Top