ദളപതിയുടെ രാഷ്ട്രീയ പ്രവേശ നീക്കത്തിനു പിന്നില്‍ പകയും, ‘വാരിസിനു’ എതിരെ നിന്നതിനു ഒന്നാന്തരം പ്രതികാരം !

മിഴ്നാടു രാഷ്ട്രീയം കലങ്ങിമറിയുമ്പോൾ ഡൽഹിയിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ചങ്കിടിപ്പാണ് വർദ്ധിക്കുന്നത്. തമിഴ് നാട് സർക്കാറും ഗവർണ്ണറും തമ്മിലുള്ള ഭിന്നതയും തമിഴ് നാട് മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തതുമെല്ലാം മോദി സർക്കാറും സ്റ്റാലിൻ സർക്കാറും തമ്മിലുള്ള ബന്ധം ഏറെ വഷളാക്കിയിട്ടുണ്ട്. ഇതിനിടെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ നടത്തുന്ന നീക്കങ്ങൾ സ്റ്റാലിൻ സർക്കാറിന്റെ ഉറക്കം കെടുത്തുന്നതാണ്.

മുഖ്യമന്ത്രിയുടെ കുടുംബത്തെ തന്നെ ലക്ഷ്യമിട്ടാണ് അണ്ണാമലൈ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. സംസ്ഥാനത്തെ ഇഡി റെയ്ഡിനു പിന്നിൽ പോലും മുൻ ഐ.പി.എസ് ഓഫീസർ കൂടിയായ അണ്ണാമലൈ യുടെ ഇടപെടൽ ഉണ്ടെന്നാണ് ഡി.എം.കെ നേതൃത്വം കരുതുന്നത്. 39 ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന സംസ്ഥാനമായതിനാൽ തമിഴകം ബി.ജെ.പിക്കു മാത്രമല്ല പ്രതിപക്ഷ മഹാസഖ്യത്തിനും അതി നിർണ്ണായകമാണ്. അണ്ണാ ഡി.എം.കെ പിളർന്നതും അവരുടെ ശക്തി ക്ഷയിച്ചതുമാണ് ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നത്.

ദ്രാവിഡ പാർട്ടികൾക്ക് വളക്കൂറുള്ള മണ്ണിൽ ശക്തമായ ദ്രാവിഡ പാർട്ടിയില്ലാതെ, തിരഞ്ഞെടുപ്പിനെ നേരിട്ടാൽ അത് തിരിച്ചടിയാകുമെന്ന ഭയമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ളത്. അതേസമയം അണ്ണാ ഡി.എം.കെയുടെ തകർച്ചയിൽ വിജയം ഉറപ്പിച്ച ഡി.എം.കെയെ സംബന്ധിച്ച് അപ്രതീക്ഷിത എതിരാളിയും ഇപ്പോൾ ഉദയം ചെയ്തിരിക്കുകയാണ്. അതാകട്ടെ മറ്റാരുമല്ല ദളപതി വിജയ് ആണ്. നീണ്ട അഭ്യൂഹങ്ങൾക്കു ശേഷം വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന കാര്യം ഇപ്പോൾ ഉറപ്പായിരിക്കുകയാണ്. അത് എപ്പോൾ സംഭവിക്കും എന്നതാണ് ഇനി അറിയാനുള്ളത്.

 

തദ്ദേശ തിരഞ്ഞെടുപ്പിൽ ദളപതിയുടെ ഫോട്ടോ മാത്രം ഉയർത്തിക്കാട്ടി പ്രചരണം നടത്തിയപ്പോൾ മത്സരിച്ച 90 ശതമാനം വിജയ് ആരാധകരും വിജയിച്ച നാടാണത്. അതു കൊണ്ട് തന്നെയാണ് വിജയ് നടത്തുന്ന നീക്കത്തെ ഗൗരവമായി രാഷ്ട്രീയ പാർട്ടികളും കാണുന്നത്. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ തീർച്ചയായും സകല രാഷ്ട്രീയ പാർട്ടികളുടെയും കണക്കു കൂട്ടലുകളാണ് തെറ്റുക. സിനിമ താരങ്ങളായ എം.ജി രാമചന്ദ്രനും ജയലളിതയും മുഖ്യമന്ത്രിമാരായ നാടാണിത് എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.

ആരാധകരുടെ കരുത്ത് നോക്കിയാൽ ഇന്ന് തമിഴകത്ത് ഏറ്റവും അധികം ആരാധകർ ഉള്ളത് ദളപതിക്കു തന്നെയാണ്. അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷനായ “വിജയ് മക്കൾ ഇയക്കം” എന്ന സംഘടനക്ക് തമിഴ്നാടിന്റെ വിദൂര ഗ്രാമങ്ങളിൽ പോലും ശക്തമായ ഘടകങ്ങൾ ഉണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും സജീവമായി വിൽക്കുന്ന സംഘടന കൂടിയാണിത്. അടുത്തവർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും വിജയ് യുടെ രാഷ്ട്രീയപ്രവേശനമെന്നാണ് ഒരുവിഭാഗം മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാൽ, ഡി.എം.കെയ്ക്ക് തൽക്കാലം ഭയക്കേണ്ടതില്ല. എന്നാൽ ഏതെങ്കിലും വിഭാഗത്തിന് വിജയ് പിന്തുണ പ്രഖ്യാപിച്ചാൽ അപ്പോഴും ചിത്രം മാറിമറിയും.

അടുത്തവർഷം ജൂൺ 22-ന്, 50-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽ സി.പി.എം. കർഷക സംഘടന നടത്തിയ ലോങ്ങ് മാർച്ച് മാതൃകയാക്കി തമിഴ് നാട്ടിൽ ഒരു വലിയ പദയാത്ര നടത്താനാണ് വിജയ് ഒരുങ്ങുന്നത്. ഇതിനു മുന്നോടിയായി എല്ലാ നിയമസഭാമണ്ഡലങ്ങളിലും, ആരാധകസംഘടനയായ ‘വിജയ് മക്കൾ ഇയക്ക’ത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനുള്ള പദ്ധതികൾക്കും വ്യക്തമായ രൂപരേഖ ആയിട്ടുണ്ട്.

ഇതിന്റെഭാഗമായി എല്ലാ നിയമസഭാമണ്ഡലങ്ങളിലും വിദ്യാർഥികൾക്കായി പഠനകേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ ക്ലാസുകൾ നടത്താനാണ് തീരുമാനം. ഒരു മണ്ഡലത്തിൽ നാല് കേന്ദ്രങ്ങളെങ്കിലും ആരംഭിക്കണമെന്നാണ് ദളപതി നിർദ്ദേശം നൽകിയിരിക്കുന്നത്. ട്യൂഷൻ നൽകാൻ യോഗ്യരായവരെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. കടലൂരിൽ ഇതിനകം ഈ പദ്ധതി നടത്തുന്നുണ്ടെന്നും ഇപ്പോൾ ഇത് വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറിയായ ബുസി ആനന്ദ് വ്യക്തമാക്കിയിരിക്കുന്നത്.

വിദ്യാർത്ഥി അനുകൂല പദ്ധതികൾക്കു പുറമെ കർഷകർക്ക് ആടുകളേയും പശുക്കളേയും എത്തിച്ചു നൽകുന്ന പദ്ധതിക്കും വിജയ് തുടക്കം കുറിച്ചിട്ടുണ്ട്. ‘വിജയ് മക്കൾ ഇയക്കം’ വഴി തന്നെയാണ് ഈ പദ്ധതിയും വിജയ് നടപ്പിലാക്കുന്നത്. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലുള്ള കർഷകർക്ക് പുതിയ പദ്ധതിയിലൂടെ ആടുകളേയും പശുക്കളേയും നൽകും. അർഹരായവരെ കണ്ടെത്താൻ ഫാൻസ് ഗ്രൂപ്പ് നേതാക്കൾക്ക് വിജയ് നിർദേശം നൽകിയിട്ടുണ്ട്.

തമിഴ്നാട് മുൻ മുഖ്യമന്ത്രി കെ. കാമരാജിന്റെ ജന്മദിനവാർഷിക ദിനത്തിൽ ഈ പഠനകേന്ദ്ര പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും. തന്റെ ആരാധകസംഘടനയുടെ പ്രധാന ചുമതലക്കാരുമായി സംവദിച്ചാണ് നിർണ്ണായക തീരുമാനം വിജയ് കൈ കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥി – യുവജന വിഭാഗത്തെ മുൻ നിർത്തി തമിഴകത്ത് രാഷ്ട്രീയ അട്ടിമറി തന്നെയാണ് വിജയ് ലക്ഷ്യമിടുന്നത്. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ സൂപ്പർ താര ഇമേജുള്ള പ്രമുഖ നടിമാർ ഉൾപ്പെടെയുള്ളവരും അദ്ദേഹത്തിന്റെ പാർട്ടിയുമായി സഹകരിക്കാനുള്ള സാധ്യതയും ഏറെയാണ്. തമിഴകത്തെ ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ പാർട്ടി ഡി.എം.കെയാണ്. മുഖ്യമന്ത്രി സ്റ്റാലിന്റെ പിൻഗാമിയാകട്ടെ, ഉദയനിധി സ്റ്റാലിനുമാണ്.

ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള സിനിമാ നിർമ്മാണ കമ്പനിയാണ് തമിഴകത്തെ സിനിമാ മേഖലയെ നിയന്ത്രിക്കുന്നത്. വിജയ് നായകനായ “വാരിസ് ” സിനിമയും അജിത്ത് നായകനായ “തുനിവും” ബോക്സോഫീസിൽ പരസ്പരം ഏറ്റുമുട്ടിയ സിനിമകളാണ്. ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് തുനിവ് റിലീസ് ചെയ്തിരുന്നത്. ഇതു സംബന്ധമായി പക്ഷപാതപരമായ നിലപാട് ഉദയനിധി സ്വീകരിച്ചെന്ന അഭിപ്രായം ദളപതിക്കുണ്ട്. വാരിസ് റിലീസ് സമയത്തു തന്നെ തുനിവ് റിലീസ് ചെയ്തത് ദളപതിയുടെ മാർക്കറ്റ് മൂല്യം തകർക്കാനാണ് എന്ന പ്രചരണവും ദളപതി ആരാധകരിലും പ്രകടമായിരുന്നു. വാരിസിനേക്കാൾ തുനിവിനാണ് തമിഴകത്ത് കൂടുതൽ റിലീസ് കേന്ദ്രങ്ങൾ ലഭിച്ചിരുന്നതെങ്കിലും വൻ വിജയം നേടിയത് വാരിസ് തന്നെയായിരുന്നു. അന്നത്തെ ആ പകയും രാഷ്ട്രീയത്തിൽ ഇറങ്ങാൻ ദളപതിയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ കരുതുന്നത്.

EXPRESS KERALA VIEW

Top