The great survivor: Cuba’s Fidel Castro turns 90; Vs turns 93

ലോക കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖനായ ക്യൂബന്‍ വിപ്ലവനായകന്‍ ഫിഡല്‍ കാസ്‌ട്രോക്ക് 90 വയസ്സ് പൂര്‍ത്തിയായി.

ഇതിന് സമാനമായി ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മറ്റൊരു പ്രമുഖ നേതാവ് വിഎസ് അച്യുതാനന്ദനാണ്. അദ്ദേഹത്തിന് അടുത്ത ഒക്ടോബറില്‍ 93 വയസ്സ് പൂര്‍ത്തിയാകും.

ലോകത്തിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ മാത്രമല്ല പൊരുതുന്ന മനസ്സുകളുടെയാകെ ആവേശമാണ് ഫിഡല്‍ കാസ്‌ട്രോ.

വിപ്ലവനക്ഷത്രം ചെഗുവേരയുമായി ഒത്തുചേര്‍ന്ന് കാസ്‌ട്രോ നടത്തിയ രക്തരൂക്ഷിത പോരാട്ടം ലോകമുള്ള കാലത്തോളം ആര്‍ക്കും മറക്കാന്‍ പറ്റില്ല.

പ്രായാധിക്യം മൂലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സഹോദരന്‍ റൗള്‍ കാസ്‌ട്രോക്ക് ഫിഡല്‍ കാസ്‌ട്രോ അധികാരം കൈമാറിയിരുന്നു. ഇപ്പോള്‍ സഞ്ചരിക്കാന്‍ പോലും കഴിയാതെ വീല്‍ ചെയറിലാണ് അദ്ദേഹം.

പുന്നപ്ര സമരനായകനായി അറിയപ്പെടുന്ന വിഎസ് അച്യുതാനന്ദന്‍ 93നോട് അടുക്കുമ്പോഴും പക്ഷേ ഫിഡലിനേക്കാള്‍ ഊര്‍ജ്ജസ്വലനും സജീവവുമാണ്. നോണ്‍സ്‌റ്റോപ്പ് രാഷ്ട്രീയപ്രവര്‍ത്തനം.

ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഎമ്മിന്റെ സ്ഥാപകരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏകനേതാവാണ് വിഎസ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വിഎസിന്റെ തീപ്പൊരി പ്രസംഗം ഒപ്പിയെടുക്കാന്‍ വിദേശത്ത് നിന്ന് പോലും ആളുകളെത്തിയത് സമകാലിക ചരിത്രമാണ്.

ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടി വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്തവണ സിപിഎം പരിഗണിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തെ കേരളത്തിലെ കാസ്‌ട്രോയായാണ് സിപിഎം ജനറല്‍ സെക്രട്ടറി വിശേഷിപ്പിച്ചിരുന്നത്.

റൗള്‍ കാസ്‌ട്രോ ഭരണകൂടത്തിന് ഫിഡല്‍ കാസ്‌ട്രോ നല്‍കുന്ന ഉപദേശം പോലെ വിഎസ് പിണറായി സര്‍ക്കാരിന് ഉപദേശം നല്‍കുമെന്നായിരുന്നു യെച്ചൂരിയുടെ പ്രഖ്യാപനം.

ഇപ്പോള്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായി വിഎസിന് വീണ്ടും സജീവമാകാനുള്ള അവസരമാണ് സിപിഎം നേതൃത്വം ഇതുവഴി നല്‍കിയിരിക്കുന്നത്.

പ്രായം ഫിഡല്‍ കാസ്‌ട്രോയുടെ ശരീരത്തെ അവശതയിലേക്ക് തള്ളിവിട്ടെങ്കില്‍ ഇവിടെ ഫിഡലിനേക്കാള്‍ പ്രായം കൂടുതലുള്ള വിഎസിന് മുന്നില്‍ പ്രകൃതി പോലും മുട്ടുമടക്കിയിരിക്കുകയാണ്.

Top