ചെന്നിത്തലയിൽ രാഹുൽ കലിപ്പിൽ, മുതലെടുക്കാൻ പാർട്ടിയിലും നീക്കം

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, എതിരാകുമോയെന്ന് ഉറ്റുനോക്കി കോൺഗ്രസ്സ് ഗ്രൂപ്പുകൾ. തിരിച്ചടി നേരിട്ടാൽ, ആദ്യം പ്രതിസന്ധിയിലാകുക പ്രതിപക്ഷ നേതാവാണ്. ഇത്രയും വിവാദങ്ങൾ ഉണ്ടാക്കിയിട്ടും ഇടതുപക്ഷം നേട്ടം കൊയ്താൽ, ചെന്നിത്തല നേതൃസ്ഥാനത്ത് തുടരില്ലന്ന സൂചനയാണ്, മുതിർന്ന നേതാക്കൾ തന്നെ നൽകുന്നത്. ഇക്കാര്യത്തിൽ, ഉമ്മൻചാണ്ടിക്ക് മാത്രമല്ല, മുല്ലപ്പള്ളിക്കും വി.എം സുധീരനും, സമാന അഭിപ്രായമാണുള്ളത്.

ദേശീയനേതൃത്വത്തിന്റെ നിലപാടിനെ, ചെന്നിത്തല തുടർച്ചയായി  തള്ളിപ്പറയുന്നതും, അദ്ദേഹത്തിനിപ്പോൾ വിനയായിട്ടുണ്ട്. ചെന്നിത്തലയുടെ വിവാദ പ്രസംഗങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ, ഒരു വിഭാഗം ഇ മെയിൽ വഴി വ്യാപകമായാണ്, ഹൈക്കമാൻ്റിൻ്റെ ശ്രദ്ധയിൽ കൊണ്ടു വന്നിരിക്കുന്നത്. രാഹുൽ ഗാന്ധിയിൽ, ചെന്നിത്തലയോടുള്ള എതിർപ്പ് കൂട്ടുകയാണ് ഈ വിഭാഗത്തിൻ്റെ ലക്ഷ്യം. അതേസമയം, ബിജെപിയോട്‌ മൃദുസമീപനം സ്വീകരിക്കുന്നവരും, ബിജെപിയെ എതിർക്കുന്നവരും എന്ന രീതിയിലും സംസ്ഥാന കോൺഗ്രസ്സിൽ, ചേരിതിരിവ്‌ രൂക്ഷമായിട്ടുണ്ട്.

ഇടതുപക്ഷ സർക്കാരിനെ എതിർക്കാൻ, ബിജെപിയുമായും കൂട്ടാകാമെന്ന നിലപാടാണ്‌ ചെന്നിത്തല അനുകൂലികൾക്കുള്ളത്. ബിജെപിയെ അനുകരിക്കാൻ മുതിർന്നാൽ, കോൺഗ്രസ്‌ പൂജ്യമായി മാറുമെന്ന്‌ ശശി തരൂരും മുന്നറിയിപ്പ് നൽകി കഴിഞ്ഞിട്ടുണ്ട്.ബംഗാളിൽ, കോൺഗ്രസുമായി യെച്ചൂരി ‘കച്ചവടമുറപ്പിച്ചു’ എന്ന്‌,ചെന്നിത്തല തിരുവനന്തപുരത്ത്‌ നടത്തിയ പ്രസ്‌താവനയിൽ, കടുത്ത അതൃപ്തിയാണ് രാഹുൽ ഗാന്ധിക്കുള്ളത്.ഈ പ്രസ്താവന ഉപയോഗപ്പെടുത്താനാണ്, ബംഗാളിൽ ബി.ജെ.പിയും തീരുമാനിച്ചിരിക്കുന്നത്. ഇതും കോൺഗ്രസ്സ് ഹൈക്കമാൻ്റിനെ പ്രകോപിപ്പിച്ച ഘടകമാണ്. ചെന്നിത്തലക്കെതിരെ, നടപടി ആവശ്യപ്പെടാനാണ്, ബംഗാൾ ഘടകത്തിൻ്റെ നീക്കം.

തൃണമൂൽ കോൺഗ്രസും ബിജെപിയും അഴിച്ചുവിട്ട ഭീകരത ചെറുക്കാൻ, ഇടതുമുന്നണിയുമായി സഹകരിക്കണമെന്ന ഉറച്ച നിലപാടിലാണ്‌ നിലവിൽ, കോൺഗ്രസ്‌ ബംഗാൾ ഘടകമുള്ളത്. അടുത്തിടെ ബംഗാൾ പിസിസി അധ്യക്ഷനായി നിയമിതനായ, ലോക്‌സഭയിലെ കോൺഗ്രസ്‌ കക്ഷിനേതാവ്‌ അധീർ രഞ്‌ജൻ ചൗധരി തന്നെ, ഈ നിലപാടിന്റെ ശക്തനായ വക്താവാണ്‌. ഇക്കാര്യം കൂടി പരിഗണിച്ചാണ്‌, ബംഗാൾ തെരഞ്ഞെടുപ്പിനു മുന്നോടിയായി, ചൗധരിയെ കോൺഗ്രസ്സ് നേതൃത്വം പിസിസി അധ്യക്ഷനാക്കിയിരിക്കുന്നത്. കോൺഗ്രസ്‌ ഹൈക്കമാൻ്റിൻ്റെ ഈ നടപടിയെയാണ് ചെന്നിത്തല ഇപ്പോൾ പരിഹസിച്ചിരിക്കുന്നത്.ദേശീയ അന്വേഷണ ഏജൻസികളെ, കേന്ദ്രം രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്ന, രാഹുൽഗാന്ധിയുടെ പ്രസ്‌താവനക്കെതിരെയും, ചെന്നിത്തല നേരത്തെ രംഗത്ത് വന്നിരുന്നു.

പ്രാദേശിക വിഷയങ്ങളിൽ, രാഹുൽ അഭിപ്രായം പറയേണ്ടതില്ലന്ന നിലപാടാണ്, ചെന്നിത്തല അന്ന് സ്വീകരിച്ചിരുന്നത്. അധികാരസംവിധാനമാകെ ഉപയോഗിച്ച്‌, ബിജെപി പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ച്‌, കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, ‘ഹിന്ദുസ്ഥാൻ ടൈംസ്‌’ പത്രത്തിൽ എഴുതിയ ലേഖനത്തെയും, പ്രതിപക്ഷനേതാവ്‌ ഇതുവരെ അംഗീകരിച്ചിട്ടില്ല. ബിജെപിക്കെതിരായ പരിമിതമായ വിമർശനം പോലും, അംഗീകരിക്കില്ലെന്ന നിലപാടാണ്, ചെന്നിത്തലയെ ഇപ്പോൾ നയിക്കുന്നത്. പാർട്ടിയിലെ അദ്ദേഹത്തിൻ്റെ ശത്രുക്കൾ ആയുധമാക്കുന്നതും ഈ സമീപനം തന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടി വീണാൽ, അത് ചെന്നിത്തലയുടെ മാത്രം വീഴ്ചയായി കാണാനാണ് ‘എ’ ഗ്രൂപ്പും ആഗ്രഹിക്കുന്നത്.ഇതോടെ, വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ്, ചെന്നിത്തലയെ സംബന്ധിച്ച് അഗ്നിപരീക്ഷണമായാണ് മാറാൻ പോകുന്നത്.

Top