ദുബായില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ നിമ്മിയുടെ മകളുടെ സംരക്ഷണാവകാശം മുത്തശ്ശിക്ക്

ബോംബെ: കൊല്ലപ്പെട്ട മലയാളി യുവതിയുടേയും മറാഠി യുവാവിന്റെയും മകളുടെ സംരക്ഷണാവകാശം കുട്ടിയുടെ മാതാവിന്റെ അമ്മയ്ക്ക് കൈമാറാന്‍ ബോംബൈ ഹൈക്കോടതി ഉത്തരവ്.

കുട്ടിയുടെ അമ്മ തൃശൂര്‍ സ്വദേശി നിമ്മിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദുബായിലെ ജയിലില്‍ കഴിയുകയാണ് നിമ്മിയുടെ ഭര്‍ത്താവും മുംബൈ സ്വദേശിയുമായ ആത്തിഫ്.

ആത്തിഫിന്റെ വീട്ടുകാരുടെ സംരക്ഷണയിലായിരുന്നു കുട്ടി ഇതുവരെ, എന്നാല്‍ ഇനി മുതല്‍ കുട്ടിയുടെ സംരക്ഷണാവകാശം മുത്തശ്ശി ഉഷ ധനഞ്ജയനു വിട്ടുകൊടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2008-ലായിരുന്നു നിമ്മിയുടെയും ആത്തിഫിന്റെയും വിവാഹം. വിവാഹത്തിന് ശേഷം നിമ്മി ഇസ്ലാം മതം സ്വീകരിച്ച് ബുഷ്‌റ എന്നു പേരു മാറ്റിയിരുന്നു.

2009-ല്‍ പിറന്ന മകളെ ആത്തിഫിന്റെ വീട്ടുകാരെ ഏല്‍പിച്ച ശേഷം ഇരുവരും ദുബായിലേക്കു പോയി. അവിടെവച്ചാണു നിമ്മി കൊല്ലപ്പെടുന്നത്.

കുട്ടിയെ ആത്തിഫിന്റെ കുടുംബം വിട്ടുകൊടുക്കാതിരുന്നതിനെ തുടര്‍ന്ന് നിമ്മിയുടെ അമ്മ കോടതിയെ സമീപിക്കുകയായിരുന്നു.

ഇടക്കാല ഉത്തരവിലൂടെ ഇടയ്ക്കു തൃശൂരിലേക്കു കൊണ്ടുപോയിരുന്നെങ്കിലും കുട്ടി ഗാര്‍ഹിക പീഡനത്തിന് ഇരയായതായി ആത്തിഫ് പരാതി നല്‍കി.

എന്നാല്‍ ആരോപണം വ്യാജമാണെന്നു 2015-ല്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഏതെങ്കിലും മതവിശ്വാസത്തിന്റെ പേരില്‍ കുട്ടിയുടെ സംരക്ഷണാവകാശം തീരുമാനിക്കാനാവില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

കുട്ടിയുടെ ചുമതല ഏറ്റെടുക്കുന്നതിനായി ഉഷ നാളെ മുംബൈയിലെത്തും.

Top