ഗവർണറെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തും; ഇ പി ജയരാജന്‍

തിരുവനന്തപുരം: ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവര്‍ണറെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തില്‍ സ്തംഭനാവസ്ഥയില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ലോകായുക്ത ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയുള്ള 11 സുപ്രധാന ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനെത്തുടര്‍ന്ന് അസാധുവായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അനുനയ നീക്കം ശക്തമാക്കുകയാണെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കിയത്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറഞ്ഞുതീര്‍ക്കുമെന്നും ഏത് അസാധാരണ സാഹചര്യവും സാധാരണ സാഹചര്യമായി മാറുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത വിഷയത്തിലും ഇ പി ജയരാജന്‍ പ്രതികരണമറിയിച്ചു. മേയര്‍ക്കെതിരെ കടുത്ത നടപടിയ്ക്ക് സാധ്യതയില്ല. വിഷയം സിപിഐഎം ജില്ലാ കമ്മറ്റി പരിശോധിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. നടപടി ശാസനയില്‍ ഒതുങ്ങാനാണ് സാധ്യത. എകെജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമര്‍ത്ഥരായ കുറ്റവാളികളാണ് ആക്രമണം നടത്തിയത്. സമര്‍ത്ഥരായ ഉദ്യോഗസ്ഥര്‍ തന്നെ കേസ് അന്വേഷിക്കുകയാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Top