കോടതി നിർദേശപ്രകാരം പുറത്താക്കാൻ നോട്ടിസ് നൽകിയ കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരെ ഗവർണർ ഈ മാസം 24ന് ഹിയറിങ്ങിനു ക്ഷണിച്ചു. വിസിമാരോ, അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹിയറിങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഗവർണർ വീണ്ടും ഹിയറിങ് നടത്താൻ നിർദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് സംസ്കൃത സർവകലാശാല വിസി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തെങ്കിലും അപ്പീൽ ഫയലിൽ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു.
പിഴ ഈടാക്കേണ്ടി വരുമെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടതിനെതുടർന്ന് അദ്ദേഹം അപ്പീൽ പിൻവലിക്കുകയായിരുന്നു. 24ന് തനിക്കോ തന്റെ അഭിഭാഷകനോ ഹിയറിങിനു പങ്കെടുക്കുവാൻ അസൗകര്യമുണ്ടെന്ന് കാണിച്ച് സംസ്‌കൃത വിസി ഗവർണറുടെ സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുകയാണ്. ഹിയറിങ് യാതൊരു കാരണവശാലും മാറ്റില്ല എന്ന് അറിയിച്ച ഗവർണറുടെ ഓഫിസ് ഓൺലൈനായി പങ്കെടുക്കാൻ നിർദ്ദേശിച്ചു.